കേരളം

kerala

ETV Bharat / sports

ബാഴ്സയുടെ കണ്ണീർ വീണ് ആൻഫീൽഡ്: ലിവർപൂളിന്  സ്വപ്ന സാഫല്യം

ചാമ്പ്യൻസ് ലീഗ് സെമിയുടെ രണ്ടാംപാദത്തിൽ 4 - 0 ന് ലിവർപൂൾ ബാഴ്സലോണയെ തകർത്ത് ഫൈനലിൽ പ്രവേശിച്ചു.

ബാഴ്സലോണ

By

Published : May 8, 2019, 12:05 PM IST

Updated : May 8, 2019, 12:22 PM IST

യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ രണ്ടാംപാദ സെമിയിൽ ലിവർപൂളിനോട് പരാജയപ്പെട്ട് പുറത്തായ ബാഴ്സലോണ ചരിത്രത്തിലെ തന്നെ വലിയ നാണക്കേടിലേക്കാണ് വീണിരിക്കുന്നത്. അമിത ആത്മവിശ്വാസമാണ് ബാഴ്സയെ തോൽവിയിലേക്ക് തള്ളിവിട്ടത്. ആദ്യപാദത്തിൽ 3 -0 ന് ജയിച്ച ബാഴ്സ രണ്ടാംപാദത്തിൽ 4 -0 നാണ് ഇംഗ്ലീഷ് ക്ലബ്ബിനോട് തോറ്റത്.

യൂറോപ്പിലെ വമ്പൻ ടീമുകളെല്ലാം പ്രീക്വാർട്ടറിലും ക്വാർട്ടറിലും വീണപ്പോൾ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമായിരുന്നു കാറ്റാലൻ ക്ലബ്ബ്. ലിവർപൂളിനെതിരായ ആദ്യപാദത്തിലെ ജയവും അതിന് അടിവരയിട്ടിരുന്നു. എന്നാൽ ഇംഗ്ലീഷ് ടീമുകളുടെ പാരമ്പര്യത്തെ ചോദ്യംചെയ്ത് അമിത ആത്മവിശ്വാസത്തിലിറങ്ങിയ ലയണൽ മെസിക്കും സംഘത്തിനും അതിനുളള മറുപടി കൊടുക്കാൻ ചെമ്പടക്കായി. സൂപ്പർതാരങ്ങളായ മുഹമ്മദ് സലായും റോബർട്ടോ ഫിർമിനോയും ഇല്ലാതെ ഇറങ്ങിയ ലിവർപൂൾ ആക്രമണ ഫുട്ബോളിലൂടെ കളംനിറഞ്ഞപ്പോൾ ബാഴ്സക്ക് മറുപടിയുണ്ടായിരുന്നില്ല. ക്യാമ്പ് നൗവിൽ കണ്ട മെസിയുടെ നിഴൽ മാത്രമായിരുന്നു ആൻഫീൽഡിൽ കണ്ടത്.

ബാഴ്സലോണയുടെ ഹോമിൽ 3-0 ന് തോറ്റപ്പോൾ അവിടെ അവസാനിപ്പിക്കാൻ ലിവർപൂൾ തയ്യാറായില്ലായിരുന്നു. സീസണിൽ തകർപ്പൻ ഫോമിലുള്ള ടീമിനെ പരിശീലകൻ യുർഗൻ ക്ലോപ്പ് വിശ്വസിച്ചു. കളിക്കാരുടെ മാത്രം വിജയമല്ല ഇത്. പ്രതാപം നഷ്ടപ്പെട്ട് കിടന്ന ലിവർപൂൾ എന്ന ക്ലബ്ബിനെ ഇപ്പോൾ യൂറോപ്പിന്‍റെ തലപ്പത്ത് എത്തിക്കാൻ ക്ലോപ്പിന് സാധിച്ചതും, ബാഴ്സയെ പോലുള്ള ലോകോത്തര ടീമിനൊപ്പം പിടിച്ചു നിൽക്കാൻ പാകത്തിനാക്കിയതും പരിശീലകന്‍റെ മിടുക്ക് തന്നെയാണ്. മെസിയും സുവാരസും അടങ്ങിയ ബാഴ്‌സയുടെ മുന്നേറ്റത്തെ സമര്‍ഥമായി പൂട്ടിയിടാന്‍ ലിവര്‍പൂളിന് സാധിക്കുകയും ക്ലോപ്പിന്‍റെ തന്ത്രങ്ങള്‍ കളിക്കളത്തില്‍ നടപ്പാക്കുന്നതില്‍ കളിക്കാര്‍ വിജയിക്കുകയും ചെയ്തപ്പോൾ സ്വപ്നതുല്യമായ തിരിച്ചുവരവും ഫൈനലും ലിവർപൂളിന് സാധ്യമായി.

തങ്ങളുടെ ചിരവൈരികളായ റയൽ മാഡ്രിഡിന്‍റെ യൂറോപ്യൻ ആധിപത്യം അവസാനിച്ചപ്പോൾ കൊട്ടിഘോഷിച്ച് സമൂഹമാധ്യമങ്ങളിൽ ട്രോളിയ ബാഴ്സലോണക്കും ജെറാർഡ് പിക്വെയടക്കമുള്ള താരങ്ങൾക്കും കിട്ടാവുന്ന നല്ല തിരിച്ചടിയാണ് സെമിയിലെ ഈ തോൽവി. ഇവിടെ നിന്നും കാറ്റാലൻ ക്ലബ്ബ് പല പാഠങ്ങളും മനസിലാക്കാനുണ്ട്. ബാഴ്സയുടെ തോൽവിയോടെ യൂറോപ്പിലെ സ്പാനിഷ് ആധിപത്യം അവസാനിച്ചു. 2013 മുതൽ സ്പാനിഷ് ക്ലബ്ബുകളായ റയലും ബാഴ്സയും സ്വന്തമാക്കിയ ചാമ്പ്യൻസ് ലീഗ് കിരീടം ഇത്തവണ ഇംഗ്ലണ്ടിലേക്കോ ഹോളണ്ടിലേക്കോ എത്തും.

Last Updated : May 8, 2019, 12:22 PM IST

ABOUT THE AUTHOR

...view details