ലണ്ടന്‍:ടോട്ടന്‍ഹാം ഹോട്ട്‌സ്‌ഫര്‍ കറബാവോ കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ചെല്‍സിയെ ഷൂട്ട് ഔട്ടില്‍ പരാജയപ്പെടുത്തിയാണ് ടോട്ടന്‍ഹാമിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശനം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞിരുന്നു. 19ാം മിനിട്ടില്‍ ടിമോ വെര്‍ണര്‍ നീലപ്പടക്കായി ആദ്യം ലീഡ് നേടി.
വലത് വിങ്ങിലൂടെ പ്രതിരോധ താരം സീസര്‍ അസ്‌പിലിക്വാട്ട നല്‍കിയ പാസ് ബോക്‌സിനുള്ളില്‍ വെച്ച് വെര്‍ണ വെടിയുണ്ട കണക്കെ ബോക്‌സിലെത്തിക്കുകയായിരുന്നു. മത്സരത്തില്‍ ഉടനീളം ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചു. പകുതിയില്‍ അധികം സമയത്തും ചെല്‍സിയാണ് പന്ത് കൈവശം വെച്ചത്.
എന്നാല്‍ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ ഏഴ് മിനിട്ട് മാത്രം ശേഷിക്കെ എറിക് ലമേലയിലൂടെ ടോട്ടന്‍ഹാം സമനില പിടിച്ചു. സ്‌പാനിഷ് വിങ്ങര്‍ സെര്‍ഫിയോ റെഗിലോണ്‍ ഇടത് വിങ്ങിലൂടെ നീട്ടി നല്‍കിയ പാസ് കവര്‍ ചെയ്യാതെ നില്‍ക്കുകയായിരുന്ന ലമേലക്ക് ഗോളിയെ മറികടന്ന് പോസ്‌റ്റില്‍ എത്തിക്കുകയെ വേണ്ടിയിരുന്നുള്ളൂ. പിന്നാലെ പെനാല്‍ട്ടി ഷൂട്ട് ഓട്ടില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വിജയിച്ച് ടോട്ടന്‍ഹാം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളും ആഴ്‌സണലും തമ്മില്‍ നടക്കുന്ന മത്സരത്തിലെ വിജയികളാകും ക്വര്‍ട്ടര്‍ ഫൈനലില്‍ ടോട്ടന്‍ഹാമിന്‍റെ എതിരാളികള്‍. ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള നറുക്കെടുപ്പ് വ്യാഴാഴ്‌ച നടക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഡിസംബര്‍ 21ന് തുടക്കമാകും.