ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി വമ്പന്‍മാര്‍. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ടോട്ടന്‍ഹാം തകര്‍ത്തപ്പോള്‍ എവേ മത്സരത്തില്‍ നിലവിലെ ചമ്പ്യന്‍മാരായ ലിവര്‍പൂളും വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. വില്ലാ പാര്‍ക്കില്‍ ആസ്റ്റണ്‍ വില്ലക്ക് എതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു ചെമ്പട മുട്ടുകുത്തിയത്. പ്രീമിയര്‍ ലീഗിന്‍റെ ഈ സീസണില്‍ ലിവര്‍പൂളിന്‍റെ ആദ്യ പരാജയമാണിത്.
ലിവര്‍പൂളിനായി മുഹമ്മദ് സാല ഇരട്ട ഗോളുകള്‍ സ്വന്തമാക്കിയ മത്സരത്തില്‍ ഒല്ലി വാറ്റ്കിന്‍സിന്‍റെ ഹാട്രിക്കിന്‍റെ ബലത്തിലായിരുന്നു ആസ്റ്റണിന്‍റ മുന്നേറ്റം. കളി തുടങ്ങി നാല്, 22, 39 മിനിട്ടുകളിലായിരുന്നു വാറ്റ്കിന്‍സ് സന്ദര്‍ശകരുടെ വല കുലുക്കിയത്. ജാക്ക് ഗ്രീലിഷ് ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോള്‍ റോസ് ബാര്‍ക്ക്‌ലി 55ാം മിനിട്ടിലും ആസ്‌റ്റണിന് വേണ്ടി വല കുലുക്കി.