മ്യൂണിക്ക്:ജര്‍മന്‍ അറ്റാക്കിങ് മിഡ്‌ഫീല്‍ഡര്‍ ടോണി ക്രൂസ് വിരമിച്ചു. 2010 മുതല്‍ ജര്‍മന്‍ ദേശീയ ടീമിന് വേണ്ടി കളിക്കുന്ന ക്രൂസ് ഇതുവരെ 106 മത്സരങ്ങളില്‍ നിന്നായി 17 ഗോളുകളും 19 അസിസ്റ്റുകളും അക്കൗണ്ടില്‍ കുറിച്ചു. യൂറോ കപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ജര്‍മനി പുറത്തായതിന് പിന്നലെയാണ് ക്രൂസ് ഇന്‍സ്റ്റഗ്രാമിലൂടെ തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ജര്‍മനിക്കായി എല്ലാം
ജർമൻ ടീമിന് വേണ്ടി എല്ലാം നല്‍കിയെന്നും യൂറോ കപ്പ് സ്വന്തമാക്കണമെന്ന ആഗ്രഹം സഫലമാക്കാനായില്ലെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദേശീയ കുപ്പായത്തില്‍ 109 മത്സരങ്ങള്‍ കളിച്ച് യൂറോ കപ്പും സ്വന്തമാക്കി കരിയര്‍ അവസാനിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതോടെ കരിയര്‍ അവസാനിപ്പിക്കുകയാണ്. 2022ലെ ഖത്തര്‍ ലോകകപ്പില്‍ കളിക്കില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്. വരുന്ന കുറച്ച് വര്‍ഷങ്ങളില്‍ റയല്‍ മാഡ്രിഡില്‍ തുടരുമെന്നും ക്രൂസ് വ്യക്തമാക്കി.
11 വര്‍ഷത്തോളം ജര്‍മനിക്കായി കളിക്കാനായി കരിയറില്‍ പന്തുണച്ചവര്‍ക്കും ഒപ്പം നിന്നവര്‍ക്കും വിമര്‍ശിച്ച് പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചവര്‍ക്കും നന്ദി. അവാസനമായി പരിശീലകന്‍ ജോക്കിം ലോക്കും നന്ദി പറയുന്നു. അദ്ദേഹമാണ് തന്നെ ദേശീയ താരമാക്കിയതും ലോക ചാമ്പ്യനാക്കിയതും. പുതിയ പരിശീലകന്‍ ഹാന്‍സ് ഫ്ലിക്കിന് എല്ലാ ആശംസകളും നേരുന്നു.