മാഡ്രിഡ്: സ്പാനിഷ് ലാലിഗ കിരീടത്തിനായി റയല്‍ മാഡ്രിഡിനൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്ന ബാഴ്സലോണക്ക് തിരിച്ചടി. സെല്‍റ്റ വിഗോക്കെതിരായ മത്സരത്തില്‍ മെസിക്കും കൂട്ടര്‍ക്കും സമനില കുരുക്ക്. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം അടിച്ചു പിരിഞ്ഞു. എവേ മത്സരത്തിലെ ആദ്യ പകുതിയിലെ 20-ാം മിനിട്ടില്‍ മുന്നേറ്റ താരം ലൂയി സുവാരസിന്‍റെ ഗോളിന്‍റെ പിന്‍ബലത്തില്‍ ലീഡ് പിടിച്ച ബാഴ്സക്ക് രണ്ടാം പകുതിയിലാണ് കാലിടറിയത്. 50-ാം മിനിട്ടില്‍ ഫിയദോര്‍ സ്മൊലോവ് സെല്‍റ്റക്കായി സമനില ഗോള്‍ നേടി. പിന്നാലെ 62-ാം മിനിട്ടില്‍ സുവാരസ് രണ്ടാമത്തെ ഗോളിലൂടെ ലീഡ് നേടിയെങ്കിലും നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ രണ്ട് മിനിട്ട് ശേഷിക്കെ സെല്‍റ്റയുടെ താരം ലാഗോ അസ്പാസ് വീണ്ടും ബാഴ്സയുടെ വല കുലുക്കി. അധിക സമയത്തേക്ക് കളി നീണ്ടെങ്കിലും ലീഡ് സ്വന്തമാക്കാന്‍ ബാഴ്സക്കായില്ല.
സ്പാനിഷ് ലാലിഗ: ബാഴ്‌സലോണക്ക് വീണ്ടും സമനില കുരുക്ക്
കൊവിഡ് 19-നെ അതിജീവിച്ച് പുനരാരംഭിച്ച സ്പാനിഷ് ലാലിഗയില്‍ ഇത് രണ്ടാമത്തെ തവണയാണ് ബാഴ്സലോണ സമനില വഴങ്ങുന്നത്.
നിലവില്‍ 32 കളികളില്‍ നിന്നും 69 പോയിന്‍റുമായി ബാഴ്സ ഒന്നാം സ്ഥനത്താണ്. എന്നാല്‍ സമനില മെസിയുടെയും കൂട്ടരുടെയും കിരീടം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്. 31 കളികളില്‍ നിന്നും 68 പോയിന്‍റുള്ള റയല്‍ മാഡ്രിഡ് തൊട്ടുപിന്നിലുണ്ട്. അടുത്ത മത്സരം ജയിച്ചാല്‍ റയലിന്‍റെ കിരീട സാധ്യത വര്‍ദ്ധിക്കും. കൊവിഡ് 19ന് ശേഷം പുനരാരംഭിച്ച സ്പാനിഷ് ലാലിഗയില്‍ ഇത് രണ്ടാമത്തെ തവണയാണ് ബാഴ്സലോണ സമനില വഴങ്ങുന്നത്. നേരത്തെ സെവില്ലക്ക് എതിരെ ബാഴ്സലോണ ഗോള്‍ രഹിത സമനില വഴങ്ങിയിരുന്നു. ലീഗിലെ മറ്റൊരു മത്സരത്തില്‍ സെവിയിയും വല്ലാഡോലിഡും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു.