കേരളം

kerala

ETV Bharat / sports

യൂറോപ്പ ലീഗില്‍ മുത്തമിട്ട് സെവിയ്യ; ഹൃദയം നുറുങ്ങി ലുക്കാക്കു - europa league news

ബെല്‍ജിയന്‍ മുന്നേറ്റ താരം റൊമേലു ലുക്കാക്കുവിന്‍റെ ഓണ്‍ ഗോളിലൂടെയാണ് സ്‌പാനിഷ് വമ്പന്‍മാരായ സെവിയ്യ ആറാം തവണ യൂറോപ്പ ലീഗില്‍ കിരീട ധാരണം നടത്തിയത്.

യൂറോപ്പ ലീഗ് വാര്‍ത്ത  ലുക്കാക്കു വാര്‍ത്ത  europa league news  lukaku news
സെവിയ്യ

By

Published : Aug 22, 2020, 4:57 AM IST

ബെര്‍ലിന്‍: റൊമേലു ലുക്കാക്കുവിന് പിഴച്ചപ്പോള്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്‍റര്‍ മിലാന് കിരീടം നഷ്‌ടമായി. ലുക്കാക്കുവിന്‍റെ ഓണ്‍ ഗോളിലൂടെ സ്‌പാനിഷ് വമ്പന്‍മാരായ സെവിയ്യ യൂറോപ്പ ലീഗ് കിരീടത്തില്‍ മുത്തമിട്ടു. ജര്‍മനിയില്‍ നടന്ന കിരീട പോരാട്ടത്തില്‍ ഇന്‍റര്‍ മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെവിയ്യ കിരീടത്തില്‍ മുത്തമിട്ടത്.

74ാം മിനുട്ടിലായിരുന്നു ഇന്‍ററിന്‍റെ മുന്നേറ്റ താരം ലുക്കാക്കുവിന്‍റെ ഓണ്‍ ഗോള്‍. ഇന്‍ററിന്‍റെ ഗോള്‍മുഖത്ത് വെച്ച് ഡിയേഗോ കാര്‍ലോസെടുത്ത മനോഹരമായ ബൈസിക്കിള്‍ കിക്ക് ലുക്കാക്കുവിന്‍റെ കാലില്‍ തട്ടി ദിശമാറി വലയിലെത്തി. ഇതോടെ സീസണില്‍ 34 ഗോളുകളുമായി ഇന്‍ററിനായി തിളങ്ങിയ ബെല്‍ജിയന്‍ താരം മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരങ്ങളില്‍ ഒന്നായി കിരീട പോരാട്ടം മാറുകയും ചെയ്‌തു.

ഇരു ടീമുകളും പൊരുതി കളിച്ച ആദ്യ പകുതിയില്‍ നാല് ഗോളുകളാണ് പിറന്നത്. ഒരു പതിറ്റാണ്ടായി കിരീടങ്ങളൊന്നും സ്വന്തമാക്കാന്‍ സാധിക്കത്ത ഇന്‍റര്‍ മിലാന്‍ കിരീടം മാത്രം ലക്ഷ്യമിട്ടാണ് കലാശപ്പോരിന് ഇറങ്ങിയത്. ഇതിന്‍റെ ദൃഷ്‌ടാന്തങ്ങള്‍ ആദ്യ മിനിട്ടുകളില്‍ തന്നെ പുറത്ത് വരുകയും ചെയ്‌തു. ഒമ്പാതം മിനിട്ടില്‍ ലുക്കാക്കു ഇന്‍ററിനായ പെനാല്‍ട്ടിയിലൂടെ ഗോള്‍ സ്വന്തമാക്കി. ബെല്‍ജിയന്‍ താരത്തിന്‍റെ ക്ലിനിക്കല്‍ ഷോട്ട് ഗോളി ബോണോയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബോക്‌സിന്‍റെ ബോട്ടം ലഫ്‌റ്റ് കോര്‍ണറിലാണ് ചെന്ന് പതിച്ചത്.

പിന്നാലെ സെവിയ്യക്കായി മുന്നേറ്റ താരം ലൂക്ക് ഡി ജോങ് ഹെഡറിലൂടെ രണ്ട് തവണ ഇന്‍ററിന്‍റെ വല ചലിപ്പിച്ചു. 12ാം മിനിട്ടിലും 33ാം മിനിട്ടിലുമാണ് ഗോളുകള്‍ പിറന്നത്. ഇടത് വിങ്ങിലൂടെ പ്രതിരോധ താരം നവാസ് നീട്ടി നല്‍കിയ അസിസ്റ്റ് ഡി ജോങ് മിന്നല്‍ വേഗത്തില്‍ വലയിലെത്തിച്ചു. ഇന്‍ററിന്‍റെ ഗോളി ഹാന്‍ഡ്‌നോവിക്കിന്‍റെ കൈകളില്‍ തട്ടി തെറിച്ചാണ് പന്ത് വലയിലേക്ക് കയറിയത്. രണ്ടാമത്തെ ഗോള്‍ ബനേഗയുടെ അസിസ്റ്റിലൂടെയായിരുന്നു. ഇത്തവണ ഗോള്‍ പോസ്റ്റില്‍ നിന്നും അകലെയായിരുന്നു ഡി ജോങ് വീണ്ടും സമര്‍ത്ഥമായ മറ്റൊരു ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു.

രണ്ട് മിനിട്ട് ശേഷം പ്രതിരോധതാരം ഡിയേഗോ ഗോഡ്വിന്‍ ഇന്‍ററിനായി ആദ്യ പകുതിയിലെ സമനില ഗോള്‍ നേടി. മാര്‍സെല്ലോ ബ്രൊസോവിക്കിന്‍റെ ഫ്രീകിക്ക് ഹെഡറിലൂടെയാണ് യുറൂഗ്വന്‍ വെറ്ററന്‍ താരം ഗോഡ്വിന്‍ വലയിലെത്തിച്ചത്.

10 വര്‍ഷത്തിന് ശേഷം ഒരു യൂറോപ്യന്‍ കിരീടം സ്വന്തമാക്കാനുള്ള അവസരമാണ് ഇന്‍ററിന് നഷ്‌ടമായത്. 2011നെ ഇറ്റാലിയന്‍ കപ്പ് വിജയത്തിന് ശേഷം കിരീടങ്ങള്‍ ഇന്‍റര്‍ മിലനെ തേടിയെത്തിയിട്ടില്ല. ആറാമത്തെ യൂറോപ്പ ലീഗ് കിരീടത്തിലാണ് സെവിയ്യ മുത്തമിട്ടത്. ഇതിന് മുമ്പ് 2006ലും 2007ലും 2014ലും 15ലും 16ലും സ്‌പാനഷ് വമ്പന്‍മാര്‍ യൂറോപ്പ ലീഗ് സ്വന്തമാക്കി.

ABOUT THE AUTHOR

...view details