റോം:സീരി എ ലീഗിൽ സാലെർനിറ്റാനയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് എസി മിലാൻ കുതിപ്പ് തുടരുന്നു. ഫ്രാങ്ക് കെസ്സിയും(5), അലക്സിസുമാണ്(18) മിലാന്‍റെ ഗോളുകൾ നേടിയത്. 16 മത്സരങ്ങളിൽ നിന്ന് പന്ത്രണ്ടാം ജയത്തോടെ 38 പോയിന്‍റുമായി മിലാൻ ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
മറ്റൊരു മത്സരത്തിൽ റോമയെ തകർത്ത് ഇന്‍റർ മിലാൻ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മിലാന്‍റെ വിജയം. 15-ാം മിനിറ്റിൽ ഹകൻ കാൽഹനെഗ്ലൂവിലൂടെയായിരുന്നു ഇന്‍റർ മിലാന്‍റെ ആദ്യ ഗോൾ. 24-ാം മിനിറ്റിൽ ജെക്കോയും 39-ാം മിനിറ്റിൽ ഡംഫ്രൈസും ഇന്‍റർ മിലാനിനായി ലക്ഷ്യം കണ്ടു. 37 പോയിന്‍റുള്ള ഇന്‍റർ മിലാൻ രണ്ടാം സ്ഥാനത്താണ്.
ബുണ്ടസ് ലീഗ; ബയേണിന് വിജയം
അതേസമയം ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ടിനെ വീഴ്ത്തി ബയേണ്‍ മ്യൂണിക്ക്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേണിന്‍റെ ജയം. റോബര്‍ട്ട് ലെവൻഡോവ്‌സ്‌കി ബയേണിനായി രണ്ട് ഗോളുകൾ നേടിയപ്പോൾ കിങ്സ്ലി കോമാൻ ഒരു ഗോളും നേടി. ഡോർട്ട്മുണ്ടിനായി ജൂലിയൻ ബ്രാൻഡും എർലിങ് ഹാലൻഡുമാണ് ഗോളുകൾ നേടിയത്.
ALSO READ:LA LIGA: ലാലിഗയിൽ അടിപതറി വമ്പൻമാർ, ബാഴ്‌സലോണക്കും അത്ലറ്റിക്കോ മാഡ്രിഡിനും തോൽവി
പോയിന്‍റ് പട്ടികയിൽ 14 മത്സരങ്ങളിൽ നിന്ന് 11 വിജയം ഉൾപ്പെടെ 34 പോയിന്‍റോടെ ബയേണ്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 30 പോയിന്‍റുമായി ഡോർട്ട്മുണ്ടാണ് രണ്ടാം സ്ഥാനത്ത്. 27 പോയിന്‍റുമായി ലെവർക്യൂസനും, 23 പോയിന്‍റുമായി ഹൊഫിൻഹെയ്‌മും മൂന്നും നാലും സ്ഥാനങ്ങളിൽ തുടരുന്നു.