റോം: ഒരു ദശാബ്‌ദത്തിനപ്പുറം ഇന്‍റര്‍ മിലാന്‍ ഇറ്റാലിയന്‍ സീരി എ കിരീടത്തിനരികെ. ലീഗില്‍ അഞ്ച് പോയിന്‍റ് കൂടി സ്വന്തമാക്കിയില്‍ ഇന്‍ററിന് കപ്പ് ഉറപ്പാക്കാം. ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ദുര്‍ബലരായ ക്രോട്ടോണയാണ് എതിരാളികള്‍. മത്സരത്തില്‍ ജയിച്ച് മൂന്ന് പോയിന്‍റുകള്‍ അക്കൗണ്ടിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എവേ പോരാട്ടത്തിനായി അന്‍റോണിയോ കോന്‍റെയുടെ ശിഷ്യന്‍മാര്‍ ഇറങ്ങുന്നത്. ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവര്‍ മുന്നേറ്റ നിരയില്‍ കരുത്താകും. ഇരുവരും ചേര്‍ന്ന ഇന്‍ററിന്‍റെ മുന്നേറ്റം സീസണില്‍ 36 തവണയാണ് വല കുലുക്കിയത്.
ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന്‍റെ ജയമാണ് ടേബിള്‍ ടോപ്പേഴ്‌സ് സ്വന്തമാക്കിയത്. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങിയ ശേഷമായിരുന്നു ഇന്‍റര്‍ വെറോണയെ മുട്ടുകുത്തിച്ചത്.
2010-11 സീസണിലാണ് അവസാനമായി ഇന്‍റര്‍ മിലാന്‍ ഇറ്റാലിയന്‍ സീരി എയില്‍ കപ്പുയര്‍ത്തിയത്. അന്ന് രണ്ട് പോയിന്‍റ് വ്യത്യാസത്തില്‍ റോമയെ മറികടന്നായിരുന്നു ഇന്‍ററിന്‍റെ നേട്ടം. തുടര്‍ച്ചയായി ആറ് സീസണുകളില്‍ കപ്പടിച്ച ശേഷമാണ് ഇന്‍റര്‍ മിലാന്‍റെ പ്രതാപകാലത്തിന് മങ്ങലേറ്റത്. 2020-21 സീസണില്‍ ഇന്‍റര്‍ വീണ്ടും പഴയ പ്രതാപകാലത്തേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോള്‍ ലോകം.
കൂടുതല്‍ വായനക്ക്: ഇത്തവണ കിരീട പോരാട്ടങ്ങളില്‍ ലിവര്‍പൂളുണ്ടാവില്ല; യുര്‍ഗന്‍ ക്ലോപ്പ്
തുടര്‍ച്ചയായി 10 സീസണുകളില്‍ ഇറ്റാലിയന്‍ സീരി എ കിരീടം സ്വന്തമാക്കുകയെന്ന റെക്കോഡ് നേട്ടം ലക്ഷ്യമിട്ടിറങ്ങിയ യുവന്‍റസിനെ മറികടന്നാണ് ഇത്തവണ ഇന്‍ററിന്‍റെ മുന്നേറ്റം. 2011-12 സീസണ്‍ മുതല്‍ ഇതേവരെ ഒമ്പത് തവണ തുടര്‍ച്ചയായി യുവന്‍റസ് സീരി എയില്‍ കപ്പടിച്ചിട്ടുണ്ട്. എന്നാല്‍ ഈ സീസണില്‍ അവര്‍ക്ക് സമാന മുന്നേറ്റം നടത്താനായില്ല.