റോം:കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഇന്‍റര്‍ മിലാന്‍റെ ബെല്‍ജിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിനെതിരെ പൊലീസ് നടപടി. മിലാനില്‍ നടന്ന 28ാം ജന്മദിനാഘോഷമാണ് ലുക്കാക്കുവിന് കുരുക്കായി മാറിയത്. ആഘോഷങ്ങള്‍ അതിരുവിട്ടപ്പോള്‍ പൊലീസ് ഇടപെട്ടു. സഹതാരവും ഇംഗ്ലീഷ് വിങ്ങറുമായ ആഷ്‌ലി യങ് ഉള്‍പ്പെടെ 23 പേര്‍ക്കെതിരെ പിഴ ചുമത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒരു പതിറ്റാണ്ടിന് ശേഷം ഇറ്റാലിയന്‍ സീരി എയില്‍ ഇന്‍റര്‍ ഈ സീസണില്‍ കപ്പടിച്ചിട്ട് ദിവസങ്ങള്‍ ആകുന്നതേ ഉള്ളൂ. കിരീട നേട്ടത്തിന് പിന്നാലെ ഇന്‍ററിന്‍റെ സൂപ്പര്‍ ഫോര്‍വേഡ് പിറന്നാള്‍ ആഘോഷങ്ങളിലേക്ക് കടന്നപ്പോള്‍ ആവേശം അതിരുവിട്ടു. കഴിഞ്ഞ 13-ാം തീയതി റോമക്കെതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്‍റര്‍ വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലുക്കാക്കുവിന്‍റെ പിറന്നാള്‍ ആഘോഷം.
കൊവിഡ് പശ്ചാത്തലത്തില്‍ ഇറ്റലിയിലെ സാന്‍സിറോ ഉള്‍പ്പെട്ട മിലാന്‍ യെല്ലോ സോണിലാണ്. കൊവിഡിന്‍റെ ഭീതിയില്‍ നിന്നും മുക്തി നേടി വരുന്ന മിലാനില്‍ നിയന്ത്രണങ്ങള്‍ക്ക് കുറവില്ല. നൈറ്റ് കര്‍ഫ്യൂ ഉള്‍പ്പെടെ നഗരത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ നടന്ന പിറന്നാള്‍ ആഘോഷം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.