മാന്‍ഡ്രിഡ്: സ്കോട്ട്ലൻഡിന്‍റെ യൂറോ കപ്പ് ഹീറോ ബില്ലി ഗില്‍മറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് 20കാരനായ മിഡ്‌ഫീല്‍ഡര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പത്ത് ദിവസം താരം നിരീക്ഷണത്തിലിരിക്കേണ്ടി വരും.
എന്നാല്‍ ടീമിലെ മറ്റ് അംഗങ്ങള്‍ക്ക് ഇതേവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച വെംബ്ലി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട്- സ്കോട്ട്ലൻഡ് മത്സരം നടന്നത്. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയ ചെല്‍സി താരത്തെ ക്ലബിലെ സഹതാരങ്ങളായ ഇംഗ്ലണ്ട് കളിക്കാര്‍ അഭിനന്ദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു.
also read:ജൂൺ 21: സൈന നെഹ്‌വാൾ ഇന്ത്യയുടെ അഭിമാനമായ ദിനം
ബെൻ ചിൽവെൽ, മേസൺ മൗണ്ട് എന്നിവരാണ് താരത്തെ കെട്ടിപ്പിടിച്ചിരുന്നത്. ഇതോടെ ചെക്ക് റിപ്പബ്ലിക്കുമായി നാളെ നടക്കാനിരിക്കുന്ന മത്സരത്തിലെ ഇംഗ്ലണ്ട് സ്ക്വാഡില്‍ നിന്നും ഇരുവരും പുറത്തായേക്കും. ഇനിയും പ്രീക്വാർട്ടർ യോഗ്യത നേടാത്ത ഇംഗ്ലണ്ടിന് ഇരു താരങ്ങളുടേയും അഭാവം വെല്ലുവിളിയാകും. അതേസമയം ഞായറാഴ്ച നടത്തിയ കൊവിഡ് പരിശോധനയില്‍ ഇംഗ്ലണ്ടിന്‍റെ 26 താരങ്ങളുടേയും ഫലം നെഗറ്റീവാണെന്ന് യുവേഫ അറിയിച്ചു.
ഇംഗ്ലണ്ട് സ്കോട്ട്ലൻഡ് മത്സരത്തിനിടെ ബില്ലി ഗില്‍മറിനെ അഭിനന്ദിക്കുന്ന ബെൻ ചിൽവെലും മേസൺ മൗണ്ടും.
അതേസമയം ക്രൊയേഷ്യയ്ക്കെതിരെ നാളെ എട്ടുമണിക്കാണ് സ്കോട്ട്ലൻഡിന്‍റെ അടുത്ത മത്സരം. ഗ്രൂപ്പ് ഡിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു സമനിലയുമായി നാല് പോയിന്‍റോടെ ചെക്ക് റിപ്പബ്ലിക്കാണ് ഒന്നാം സ്ഥാനത്ത്. ഇതേ പോയിന്‍റുള്ള ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും രണ്ട് മത്സരങ്ങളില്‍ ഒരു തോല്‍വിയും ഒരു സമനിലയും നേടിയ സ്കോട്ട്ലൻഡ് നാലാം സ്ഥാനത്തുമാണ്.