കാസർകോട്:കേരളത്തിനായി 72-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിത്തന്ന ടീമിലെ താരമായ കെപി രാഹുലിന്‍റെ സർക്കാർ ജോലിയെന്ന സ്വപ്‌നം യാഥാർത്ഥ്യമായി. കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ കാര്യാലയത്തിലെത്തി താരം ജോലിയില്‍ പ്രവേശിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക ഉത്തരവ് പ്രകാരം എല്‍ഡി ക്ലാര്‍ക്കായാണ് നിയമനം. വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ കെവി പുഷ്‌പ രാഹുലിനെ സ്വീകരിച്ചു. സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് ജോലി ലഭ്യമാക്കുമെന്ന വാഗ്‌ദാനം പാലിച്ച സര്‍ക്കാരിനോട് വളരെയധികം നന്ദിയുണ്ടെന്നും കായിക മേഖലയിലെ സ്വപ്‌നങ്ങൾക്ക് ജോലി തടസമാവില്ലെന്നും രാഹുല്‍ പറഞ്ഞു.
സന്തോഷ് ട്രോഫി താരം രാഹുലിന് സർക്കാർ ജോലി
കൊല്‍ക്കത്തയില്‍ നടന്ന 72-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരത്തില്‍ കിരീടം സ്വന്തമാക്കിയ ടീമിലെ 11 പേർക്കും വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സൂപ്പര്‍ ന്യൂമററി തസ്‌തികകള്‍ സൃഷ്‌ടിച്ച് നിയമനം നല്‍കാന്‍ നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു
കൊല്‍ക്കത്തയില്‍ നടന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലാണ് കേരളം ജേതാക്കളായത്. കിരീടം സ്വന്തമാക്കിയ ടീമിലെ 11 പേർക്കും വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സൂപ്പര്‍ ന്യൂമററി തസ്‌തികകള്‍ സൃഷ്‌ടിച്ച് നിയമനം നല്‍കാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. ഈ തീരുമാനപ്രകാരമാണ് രാഹുലിന് ജോലി ലഭിച്ചത്. പിതാവ് രമേശനും മാതാവ് തങ്കമണിക്കും ഒപ്പമാണ് രാഹുല്‍ കലക്‌ടറേറ്റിലെ വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ കാര്യാലയത്തിലെത്തിയത്. നിലവില്‍ ഗോകുലം എഫ്‌സിയിലെ താരമാണ് രാഹുല്‍. നിരവധി ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള താരം ആറാം ക്ലാസ് മുതല്‍ തന്നെ ഫുട്ബോളില്‍ സജീവമാണ്. പിലിക്കോട് ഗവണ്‍മെന്‍റ് യുപി സ്‌കൂളിലും ഉദിനൂര്‍ ഗവണ്‍മെന്‍റ് ഹയർസെക്കന്‍ഡറിയിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് കോട്ടയം ബസേലിയസ് കോളജില്‍ ബിരുദത്തിന് ചേര്‍ന്നെങ്കിലും തിരക്ക് കൂടിയ ഫുട്ബോള്‍ ലീഗ് മത്സരങ്ങള്‍ക്കിടയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പഠനത്തിലും ഫുട്ബോളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കണ്ണൂര്‍ എസ്എന്‍ കോളജിലേക്ക് ട്രാന്‍സ്‌ഫർ നേടിയിട്ടുണ്ട്. കാസര്‍കോട് പിലിക്കോട് സ്വദേശിയാണ് രാഹുല്‍.