ലിമ: കൊവിഡ് 19 കാരണം ലോക്ക്‌ഡൗണ്‍ തുടരുന്ന പെറുവില്‍ പ്രൊഫഷണല്‍ ഫുട്‌ബോൾ ലീഗിന് വീണ്ടും കളമൊരുങ്ങുന്നു. രാജ്യത്ത് കാല്‍പന്ത് കളി പുനഃരാരംഭിക്കാന്‍ പ്രസിഡന്‍റ് മാർട്ടിന്‍ വിസ്‌കാര അനുമതി നല്‍കി. വെള്ളിയാഴ്‌ച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആഭ്യന്തര ഫുട്‌ബോൾ ലീഗുകൾ പുനരാരംഭിക്കണമെന്നും താരങ്ങളെ പരിശീലനത്തിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നുമുള്ള പെറുവിയന്‍ ഫുട്‌ബോൾ ഫെഡറേഷന്‍റെ അഭ്യർഥന മാനിച്ചാണ് നടപടി. എല്ലാ നടപടി ക്രമങ്ങളും പാലിച്ച് അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താനാണ് പ്രസിഡന്‍റ് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം രാജ്യത്ത് ജൂണ്‍ 30 വരെ ലോക്ക്‌ഡൗണ്‍ നീട്ടിയിട്ടുണ്ട്.
പെറുവില്‍ ഫുട്‌ബോൾ പുനഃരാരംഭിക്കാന്‍ അനുമതി - covid 19 news
പ്രസിഡന്‍റ് മാർട്ടിന്‍ വിസ്‌കാര വെള്ളിയാഴ്‌ച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുമ്പോഴാണ് ഫുട്‌ബോൾ മത്സരങ്ങളും പരിശീലനവും പുനഃരാരംഭിക്കാന്‍ അനുമതി നല്‍കിയത്
മാർട്ടിന്‍ വിസ്‌കാര
നിലവില്‍ 1,12,000 കൊവിഡ് 19 കേസുകളാണ് പെറുവിലുള്ളത്. 3,200 കൊവിഡ് 19 മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചു. മാർച്ച് 12-മുതല്‍ പെറുവില്‍ ഫുട്ബോൾ താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്. ക്ലബ്ബുകൾ ക്രമേണ പരിശീലനത്തിലേക്ക് മടങ്ങിവരുമെന്ന് പെറുവിയൻ പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷൻ ട്വീറ്റിലൂടെ വ്യക്തമാക്കി. എന്നാല്‍ മത്സരങ്ങൾ എന്ന് പുനരാരംഭിക്കുമെന്ന് അധികൃതർ ഇതേവരെ വ്യക്തമാക്കിയിട്ടില്ല.