ന്യൂഡല്‍ഹി:കിംഗ്സ് കപ്പ് ടൂർണമെന്‍റിനായുള്ള ഇന്ത്യയുടെ 37 അംഗ സാധ്യത ടീമില്‍ മലയാളി താരങ്ങളായ ജോബി ജസ്റ്റിനും സഹല്‍ അബ്ദുല്‍ സമദും ഇടം നേടി. പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്‍റെ ആദ്യ ടൂർണമെന്‍റാണിത്. ഐഎസ്എല്ലിലെയും ഐ-ലീഗിലെയും മിന്നുന്ന പ്രകടനമാണ് ഇരുതാരങ്ങൾക്കും ഗുണം ചെയ്തത്.
കിംഗ്സ് കപ്പിനുള്ള സാധ്യത ടീമില്‍ ജോബിയും സഹലും - ജോബി
പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്‍റെ ആദ്യ ടൂർണമെന്‍റാണിത്
ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആഗ്രഹിച്ചിരുന്ന ടീമിനെയാണ് സ്റ്റിമാക്ക് ഇന്ന് പ്രഖ്യാപിച്ചത്. മുൻ പരിശീലകൻ കോൺസ്റ്റന്‍റൈൻ സ്ഥിരമായി അവഗണിച്ചിരുന്ന സൂസൈരാജ്, ബ്രണ്ടൻ ഫെർണാണ്ടസ്, രാഹുല്‍ ബെഹ്കെ എന്നിവരെ സ്റ്റിമാക്ക് സാധ്യത ടീമില്‍ ഉൾപ്പെടുത്തി. സൂപ്പർ സ്ട്രൈക്കർ ജെജെ, ഹാളിചരൺ, സർതക് എന്നിവർക്കൊപ്പം പരിക്കേറ്റ മലയാളി താരം ആഷിഖ് കുരുണിയനെയും ടീമില്‍ നിന്ന് ഒഴിവാക്കി. ഈ വരുന്ന ആഴ്ച ആരംഭിക്കുന്ന ക്യാമ്പില്‍ സുനില്‍ ഛേത്രി, സന്ദേശ് ജിങ്കൻ തുടങ്ങിയ പ്രമുഖ താരങ്ങളും പങ്കെടുക്കും. ഐ-ലീഗില്‍ ഈസ്റ്റ് ബംഗാൾ എഫ്സിക്കായി നടത്തിയ തകർപ്പൻ പ്രകടനമാണ് ജോബി ജസ്റ്റിനെ ആദ്യമായി എത്തിച്ചിരിക്കുന്നത്. സഹല്‍ ഇതിന് മുമ്പ് ഇന്ത്യൻ ക്യാമ്പില്‍ പങ്കെടുത്തെങ്കിലും അന്തിമ സ്ക്വാഡില്‍ ഇടംനേടിയില്ല. ജൂൺ അഞ്ചിനാണ് കിംഗ്സ് കപ്പ് ആരംഭിക്കുന്നത്.