ബ്രസല്‍സ്: ബെല്‍ജിയം ദേശീയ ഫുട്‌ബോൾ ടീമുമായുള്ള സ്‌പാനിഷ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിന്‍റെ കരാർ 2022 വരെ നീട്ടി. 2022-ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ബെല്‍ജിയം മാര്‍ട്ടിനസിന്‍റെ കീഴില്‍ മാറ്റുരക്കും. ടീമിന്‍റ ടെക്‌നിക്കല്‍ ഡയറക്‌ടർ എന്ന അദ്ദേഹത്തിന്‍റെ സ്ഥാനവും 2022 വരെ നീട്ടി. നിലവില്‍ ഫിഫയുടെ ലോക റാങ്കിങ്ങില്‍ ഒന്നാമതാണ് ബെല്‍ജിയം. കരാർ നീട്ടിയതായി റോയല്‍ ബെല്‍ജിയം ഫുട്‌ബോൾ അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. നേരത്തെ കരാർ നീട്ടുന്നത് സംബന്ധിച്ച് സൂചന ലഭിച്ചതായി ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാല്‍ ബെല്‍ജിയം ഫുട്‌ബോള്‍ അസോസിയേഷന്‍റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല.
മാര്‍ട്ടിനസിന്‍റെ കീഴില്‍ ഇതേവരെ 43 മത്സരങ്ങളാണ് ബെല്‍ജിയം കളിച്ചത്. ഇതില്‍ 34 എണ്ണം ജയിക്കുകയും ആറെണ്ണം സമനിലയില്‍ പിരിയുകയും ചെയ്‌തു. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് പരാജയം രുചിച്ചത്. 2007 ലാണ് മാർട്ടിനസ് ഫുട്‌ബോൾ പരിശീലകന്‍റെ വേഷമണിയുന്നത്. മാർട്ടിനസ് 2013-ലെ എഫ്എ കപ്പ് വിഗാന് നേടിക്കൊടുത്തു. അന്ന് മാഞ്ചസ്റ്റർ സിറ്റിയെയാണ് ഫൈനലില്‍ വിഗന്‍ പരാജയപ്പെടുത്തിയത്. ബെല്‍ജിയത്തില്‍ എത്തുന്നതിന് മുമ്പ് മാർട്ടിനസ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടണിന്‍റെ പരിശീലകനായിരുന്നു.