സാവോ പോളോ: ബ്രസീല്‍ സൂപ്പർ താരം നെയ്മർക്കെതിരെ ലൈംഗികാരോപണം. പാരീസില്‍ വച്ച് കഴിഞ്ഞ മാസം നെയ്മർ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്ന് യുവതി സാവോ പോളോ പൊലീസിന് പരാതി നല്‍കി. എന്നാല്‍ യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ച നെയ്മർ, ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണിതെന്നും പറഞ്ഞു.
നെയ്മറിനെതിരെ ബലാത്സംഗ പരാതി; ആരോപണം നിഷേധിച്ച് താരം - നെയ്മർ
യുവതിയുടെ പരാതിയില്‍ നെയ്മർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
മെയ് 15ന് പീഡനം നടന്നെന്നാണ് യുവതിയുടെ പരാതി. ഇൻസ്റ്റാഗ്രാമിലൂടെയുള്ള സന്ദേശങ്ങൾ വഴിയാണ് നെയ്മറെ കണ്ടുമുട്ടിയതെന്നാണ് യുവതിയുടെ അവകാശവാദം. അദ്ദേഹത്തിന്‍റെ സഹായി വിമാന ടിക്കറ്റ് അയച്ച് നല്‍കിയെന്നും പരാതിയില്‍ പറയുന്നു. പാരീസില്‍ താൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക് മദ്യപിച്ച നിലയിലാണ് നെയ്മർ എത്തിയത്. തുടർന്ന് നെയ്മർ ആക്രമാസക്തനാകുകയും ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നുവെന്നും യുവതി ആരോപിച്ചു.
ബലാത്സംഗ ആരോപണം നിഷേധിച്ച് നെയ്മറും പിതാവ് നെയ്മർ സാന്‍റോസും രംഗത്തെത്തി. "ബലാത്സംഗമാണ് എന്നില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. എന്‍റെ സ്വഭാവം നിങ്ങൾക്കറിയാം. ഇത്തരം ആരോപണങ്ങൾ അത്യന്തം വേദനാജനകമാണ്. തന്റെ ഭാഗം വിശദീകരിച്ചു കൊണ്ടുള്ള വീഡിയോയില്‍ നെയ്മർ പറയുന്നു. ഇതിനൊപ്പം യുവതിയുമായുള്ള വാട്സ് ആപ്പ് സന്ദേശങ്ങളും അവർ അയച്ച ചിത്രങ്ങളും താരം പരസ്യപ്പെടുത്തി. കോപ്പ അമേരിക്ക തയാറെടുപ്പുകൾക്കായി ബ്രസീല്‍ ടീമിനൊപ്പമാണ് നെയ്മർ.