ഖത്തർ: 2022 ഖത്തർ ലോകകപ്പിനുള്ള രണ്ടാം റൗണ്ട് യോഗ്യത പോരാട്ടങ്ങളില്‍ ഇന്ത്യ മത്സരിക്കും. ഏഷ്യൻ രാജ്യങ്ങളുടെ യോഗ്യത മത്സരത്തില്‍ ഗ്രൂപ്പ് ഇയില്‍ ബംഗ്ലാദേശ്, ഒമാൻ, അഫ്ഗാനിസ്ഥാൻ, ഖത്തർ എന്നീ ടീമുകളുമായാണ് ഇന്ത്യ ഏറ്റുമുട്ടുക. യോഗ്യത മത്സരങ്ങൾ സെപ്റ്റംബർ അഞ്ചിന് ആരംഭിക്കും.
ഖത്തർ ലോകകപ്പ് യോഗ്യത മത്സരക്രമമായി
ഗ്രൂപ്പ് ഇയില്‍ ഖത്തർ, ഒമാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരെ ഇന്ത്യ നേരിടും.
ആതിഥേയരായ ഖത്തറിന് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്. എങ്കിലും ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് അടുത്ത ഏഷ്യ കപ്പിനുള്ള ടീമുകളെയും തിരഞ്ഞെടുക്കുക എന്നതിനാലാണ് ഖത്തറും ഗ്രൂപ്പില്‍ മത്സരിക്കുന്നത്. 40 ടീമുകളാണ് യോഗ്യതക്കായി മത്സരിക്കുക. അഞ്ച് ടീമുകൾ വീതമുള്ള എട്ട് ഗ്രൂപ്പുകളാണുള്ളത്. എട്ട് ഗ്രൂപ്പ് വിജയികളും നാല് മികച്ച റണ്ണേഴ്സ് അപ്പും യോഗ്യത റൗണ്ടിന്‍റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കും. ഇതേ പന്ത്രണ്ട് ടീമുകൾ തന്നെ അടുത്ത ഏഷ്യ കപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലേക്കും യോഗ്യത നേടും.
ഗ്രൂപ്പില്‍ ആതിഥേയരായ ഖത്തറാണ് ഇന്ത്യയുടെ ശക്തരായ എതിരാളികൾ. മറ്റ് ടീമുകൾക്കെതിരെ കളിച്ച് ഇന്ത്യക്ക് പരിചയമുള്ളത് പ്രതീക്ഷ നല്‍കുന്നു. ഗ്രൂപ്പില്‍ ഖത്തർ ഒന്നാമതും ഇന്ത്യ രണ്ടാമതെത്തുകയും ചെയ്താല്‍ ലോകകപ്പ് മൂന്നാം റൗണ്ടിലേക്ക് ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി മുന്നേറും.