ലണ്ടന്‍: ഒമിക്രോണിന്‍റെ ദ്രുതഗതിയിലുള്ള വ്യാപനത്തിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ലീഗ് മാറ്റിവെച്ചേക്കുമെന്ന ഭയത്തില്‍ ക്ലബുകള്‍. ലീഗിലെ ടീമുകളില്‍ 42 പേര്‍ക്ക് തിങ്കളാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സീസൺ കൊവിഡ് (ഒമിക്രോൺ) വിഴുങ്ങുമെന്ന ഭീതി ക്ലബുകള്‍ക്കിടയില്‍ ഉടലെടുത്തത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം ഹോട്സ്പെർ, ലെസ്റ്റര്‍ സിറ്റി, ബ്രൈട്ടന്‍, ആസ്റ്റന്‍ വില്ല ടീമുകളിലെ താരങ്ങള്‍ക്കും അധികൃതർക്കുമാണ് മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 42 ആഴ്‌ചയ്‌ക്കിടെ ലീഗില്‍ സ്ഥിരീകരിക്കുന്ന ഏറ്റവും വലിയ കൊവിഡ് നിരക്കാണിത്. ഇതോടെ നാളെ നടക്കാനിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്- ബ്രെന്‍റ് ഫോർഡ് മത്സരം അധികൃതര്‍ മാറ്റിവെക്കുകയും ചെയ്‌തു.
വാക്‌സിനേഷൻ പ്രക്രിയയുടെ വേഗത കുറവാണ് പ്രധാനമായും ക്ലബുകളുടെ ആശങ്ക വർധിപ്പിക്കുന്നത്. കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ പ്രതിരോധ ശേഷി നിലനില്‍ക്കുന്നുണ്ടെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ ഒമിക്രോണിനെതിരെ സംരക്ഷണം നൽകുന്നതിന് ബൂസ്റ്റർ ആവശ്യമാണെന്ന് വാദം ശക്തമാണ്.