മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ നടന്ന വമ്പൻ പോരാട്ടത്തില്‍ മാഞ്ചസ്റ്റർ സിറ്റിയെ തോല്‍പ്പിച്ച് ചെല്‍സി. സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെല്‍സി തകർത്തത്. ജയത്തോടെ മൂന്ന് പോയിന്‍റ് നേടി കിരീടം സ്വന്തമാക്കാമെന്ന സിറ്റിയുടെ പ്രതീക്ഷകളെയാണ് ചെല്‍സി തല്ലിക്കെടുത്തിയത്.
സിറ്റിയെ ഞെട്ടിച്ച് ഇഞ്ചുറി ടൈമിലെ ഗോൾ
മത്സരത്തിന്‍റെ 44-ാം മിനിറ്റില്‍ സ്റ്റെർലിങിലൂടെ മാഞ്ചസ്റ്റർ സിറ്റിയാണ് ആദ്യ ലീഡ് നേടിയത്. അഗ്വേറയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോൾ. 63-ാം മിനിറ്റില്‍ സിയാട്ടിലൂടെ ചെല്‍സി സമനില പിടിച്ചു. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിരുന്ന നേരത്താണ് സിറ്റിയെ ഞെട്ടിച്ചുകൊണ്ട് ഇഞ്ചുറി ടൈമില്‍ അലോൺസ ഗോൾ നേടി ചെല്‍സിയുടെ ജയം ഉറപ്പിച്ചത്. 48-ാം മിനിറ്റില്‍ അഗ്വേറ ഒരു പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയതും സിറ്റിക്ക് തിരിച്ചടിയായി.
മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടസാധ്യതകൾ
ചെല്‍സിയോട് തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് മാഞ്ചസ്റ്റർ സിറ്റി. ജയത്തോടെ ചെല്‍സി മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്‌തു. 35 മത്സരങ്ങളില്‍ നിന്ന് 80 പോയിന്‍റുള്ള സിറ്റിക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്‍റ് നേടിയാല്‍ കിരീടം സ്വന്തമാക്കാം. അതോടൊപ്പം ലീഗില്‍ അഞ്ച് മത്സരങ്ങൾ ബാക്കിയുള്ള രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരത്തില്‍ എങ്കിലും പരാജയപ്പെട്ടാലും സിറ്റിക്ക് കിരീടമുയർത്താനാകും.
ചാമ്പ്യൻസ് ലീഗ് ഫൈനല്‍ റിഹേഴ്‌സല്‍
ചാമ്പ്യൻസ് ലീഗ് ഫൈനലിന്‍റെ തനിയാവർത്തനം എന്നാണ് ഫുട്‌ബോൾ ആരാധകർ ഈ മത്സരത്തെ വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ട് ഇരുടീമുകളും നിരവധി പരീക്ഷണങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു. നേഥൻ അക്കെ, ഫെറാൻ ടോറസ്, മെൻഡി, അഗ്വേറോ എന്നിവർ മാഞ്ചസ്റ്റർ സിറ്റിയുടെയും സിയാച്ച്, ക്രിസ്റ്റൻസെൻ, ഗില്‍മോർ എന്നിവർ ചെല്‍സിയുടെയും ആദ്യ പതിനൊന്നില്‍ ഇടംനേടി. മെയ് 30ന് തുർക്കിയിലെ അതാതുർക്ക് സ്റ്റേഡിയത്തിലാണ് ചാമ്പ്യൻസ് ലീഗ് ഫൈനല്‍ പോരാട്ടം.