ബാഴ്‌സലോണ:അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ വിടില്ല. അന്തര്‍ ദേശീയ കായിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെസിയുടെ പുതിയ വെളിപ്പെടുത്തല്‍. നിയമപോരാട്ടം ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് ബാഴ്‌സയില്‍ തുടരുന്നതെന്ന് വ്യക്തമാക്കിയ മെസി ക്ലബ് മാനേജ്‌മെന്‍റിനെതിരെ ആഞ്ഞടിച്ചു.
കുറച്ച് കാലമായി കിരീടം നേടാന്‍ ഒരു പദ്ധതികളും ബാഴ്‌സലോണ മുന്നോട്ട് വെച്ചില്ല. താന്‍ ക്ലബ് വിടുന്ന കാര്യത്തില്‍ ക്ലബ് പ്രസിഡന്‍റ് ബര്‍ത്തോമ്യൂ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ലെന്നും മെസി പറഞ്ഞു. ബാഴ്‌സ വിടുകയാണെങ്കില്‍ റിലീസ് ക്ലോസായി 700 മില്യണ്‍ യൂറോ നല്‍കണമെന്നായിരുന്നു ബാഴ്‌സ ആവശ്യപെട്ടത്. ഇതിന് പിന്നാലെയാണ് മെസിയുടെ വെളിപ്പെടുത്തല്‍.
സീസണൊടുവില്‍ ക്ലബ് വിടുന്ന കാര്യത്തില്‍ തനിക്ക് തീരുമാനം എടുക്കാമെന്ന് ബര്‍ത്തോമ്യൂ പറഞ്ഞിരുന്നു. ഇന്നാല്‍ ഇതുസംബന്ധിച്ച അറിയിപ്പ് സീസണ്‍ അവസാനിക്കുന്ന ജൂണ്‍ 10ന് മുമ്പ് അറിയിച്ചില്ലെന്ന സാങ്കേതിക കാര്യത്തില്‍ ഊന്നി വിഷയം വലിച്ചുനീട്ടാനാണ് ക്ലബ് മാനേജ്‌മെന്‍റ് ശ്രമിച്ചതെന്നും മെസി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ചാമ്പ്യന്‍സ് ലീഗില്‍ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ടതോടെയാണ് മെസി ക്ലബ് വിടാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് രേഖാമൂലം മെസി ഇക്കാര്യം ബാഴ്‌സലോണയെ അറിയിക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ സീസണില്‍ ക്ലബിന്‍റെ ഷെല്‍ഫില്‍ ഒരു കിരീടം പോലും എത്തിക്കാന്‍ ബാഴ്‌സലോണക്ക് സാധിച്ചിരുന്നില്ല. 13ാം വയസില്‍ ക്ലബില്‍ എത്തിയ മെസി ഇതേവരെ ബാഴ്‌സ വിട്ട് മറ്റൊരു ക്ലബിന് വേണ്ടിയും കളിച്ചിട്ടില്ല.