ഭുവനേശ്വര്‍:സ്പാനിഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് വിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എൽ) ക്ലബ്ബായ ഒഡിഷ എഫ്.സിയിലേക്ക്. സാങ്കേതിക ഉപദേഷ്ടാവായാണ് വിയ എത്തുകയെന്ന് ഒഡിഷ എഫ്.സി അറിയിച്ചു. വ്യാഴായ്ചയാണ് ടീം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
“ലോകകപ്പ് ജേതാവും സ്പാനിഷ് ഫുട്ബോൾ ഇതിഹാസവുമായ ഡേവിഡ് വിയ ഞങ്ങളുടെ ആഗോള ഫുട്ബോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി ഒഡിഷ എഫ്‌സിയിലേക്ക് എത്തുകയാണ്” ക്ലബ്ബ് ട്വീറ്റ് ചെയ്തു.
ഒഡിഷയുടെ മുന്‍ പരിശീലകന്‍ ജോസപ് ഗോമ്പൗവും വിക്‌ടര്‍ ഒനാട്ടെയും ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ഭാഗമാവുമെന്നും ക്ലബ് അറിയിച്ചിട്ടുണ്ട്. അതേസമയം ടീമിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിനായി അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ പരമാവധി ശ്രമിക്കുമെന്ന് വിയ സ്കെെ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'തീര്‍ച്ചയായും, ഞാൻ ഇന്ത്യയിൽ കളിച്ചിട്ടില്ല, എന്നാൽ ഞാൻ ഒരു പ്രൊഫഷണലായി 20 വർഷവും അതിനുമുമ്പ് അക്കാദമിയിലും സോക്കർ കളിച്ചിട്ടുണ്ട്. ടീമുമായി ചര്‍ച്ച ചെയ്ത എല്ലാ പദ്ധതികളുടെയും പൂര്‍ത്തീകരണത്തിനായി മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പരമാവധി ശ്രമം നടത്തും.
read more: കൊവിഡിനെതിരെ ഒന്നിച്ച് പോരാടുക ; ഇന്ത്യക്കാരോട് അഭ്യർഥിച്ച് ജേസൺ ഹോൾഡർ
മികച്ച കളിക്കാരോടൊപ്പവും കോച്ചുമാരോടൊപ്പവും കളിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. വലിയ ടൂര്‍ണമെന്‍റുകളില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ആ അനുഭവങ്ങളെല്ലാം ടീമിനായി ഉപയോഗിക്കാൻ ഞാൻ ശ്രമിക്കുകയും സഹായിക്കുകയും ചെയ്യും'. ഡേവിഡ് വിയ വ്യക്തമാക്കി.
ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ വമ്പന്‍ ക്ലബുകളുടെ താരമായിരുന്നു 39കാരനായ വിയ. ക്ലബ് തലത്തില്‍ മൂന്ന് വീതം ലാ ലിഗയും കോപ്പ ഡെല്‍ റേയും ഒരു ചാമ്പ്യന്‍സ് ലീഗും നേടിയ ടീമിന്‍റെ ഭാഗമായിരുന്ന താരം സ്‌പെയിനായി 98 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. 2008ല്‍ യൂറോ കപ്പ്, 2010ല്‍ ലോകകപ്പ് എന്നിവ നേടിയ ടീമുകളില്‍ അംഗമായിരുന്നു.