നെയ്മറിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തി യൂവേഫ - ചാമ്പ്യൻസ് ലീഗ്
പിഎസ്ജി-മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിന് ശേഷം റഫറിമാരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിനാണ് താരത്തെ യൂവേഫ വിലക്കിയത്.
പിഎസ്ജി സൂപ്പർ താരം നെയ്മറിന് മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് വിലക്ക്. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ പിഎസ്ജി-മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിന് ശേഷം റഫറിമാരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിനാണ് താരത്തെ യൂവേഫ വിലക്കിയത്. യുണൈറ്റഡിനോട് വഴങ്ങിയ തോൽവിക്ക് പിന്നാലെ മത്സരം നിയന്ത്രിച്ച റഫറിമാർ ഫുട്‌ബോളിനെ കുറിച്ച് ഒന്നും അറിയാത്തവരാണെന്ന് നെയ്മർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ച യൂവേഫ നെയ്മർ തെറ്റ് ചെയ്തതായി കണ്ടെത്തി ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലെ പിഎസ്ജിയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരങ്ങളാകും ഇതോടെ നെയ്മറിന് നഷ്ടമാകുന്നത്.