ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം പോൾ പോഗ്ബയെ പിന്തുണച്ച് മുൻ പരിശീലകൻ ജോസ് മൗറീഞ്ഞോ. യുണൈറ്റഡിന്‍റെ പ്രശ്നങ്ങൾ പോഗ്ബയില്‍ മാത്രം അടിച്ചേല്‍പ്പിക്കരുതെന്ന് മൗറിഞ്ഞോ പറഞ്ഞു. പോഗ്ബയുമായുള്ള പ്രശ്നങ്ങളും സീസണിന്‍റെ തുടക്കത്തിലെ മോശം പ്രകടനവുമാണ് മൗറിഞ്ഞോയുടെ പരിശീലക സ്ഥാനം തെറിക്കാൻ കാരണം.
പോഗ്ബയെ പിന്തുണച്ച് മൗറിഞ്ഞോ; അമ്പരന്ന് ആരാധകർ - മൗറിഞ്ഞോ
മൗറിഞ്ഞോയെ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ നിന്ന് പുറത്താക്കാൻ കാരണം പോഗ്ബയുമായുള്ള പ്രശ്നങ്ങൾ
ഈ സീസണില്‍ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കാഴ്ചവച്ചത്. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ ആറാമതായാണ് സീസൺ അവസാനിപ്പിച്ചത്. സീസണിന്‍റെ തുടക്കത്തിലെ മോശം പ്രകടനവും പോൾ പോഗ്ബയുമായുള്ള അഭിപ്രായഭിന്നതകളുമാണ് മൗറിഞ്ഞോയെ പുറത്താക്കാൻ കാരണം. പകരമെത്തിയ ഒലെ ഗണ്ണർ സോൾഷ്യറിന്‍റെ കീഴില്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും യുണൈറ്റഡ് വീണ്ടും കളി മറന്നു. താരങ്ങളുടെ സ്ഥിരതയില്ലായ്മയും പ്രധാന താരങ്ങളുടെ പരിക്കുമാണ് ടീമിന് തിരിച്ചടിയായത്.
പോഗ്ബയെ പിന്തുണച്ച് രംഗത്തെത്തിയ മൗറിഞ്ഞോയുടെ വാക്കുകൾ കേട്ട് അമ്പരന്നിരിക്കുകയാണ് ഫുട്ബോൾ ആരാധകർ. ടീമിന്‍റെ തോല്‍വിക്ക് കാരണക്കാരൻ പോഗ്ബ മാത്രമല്ല. ടീമിലെ മറ്റ് താരങ്ങളും ഇതില്‍ ഉത്തരവാദികളാണെന്ന് മൗറിഞ്ഞോ പറഞ്ഞു. ടീമിന് ലക്ഷ്യബോധമില്ലെന്നും മാനേജ്മെന്‍റിന്‍റെ കഴിവില്ലായ്മ ടീമിന്‍റെ തളർച്ചയ്ക്ക് കാരണമായെന്നും അദ്ദേഹം വിമർശിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം പുതിയ ക്ലബുകളുമായി കരാറിലെത്താൻ മൗറീഞ്ഞോ തയ്യാറായിട്ടില്ല.