മാലി: എഎഫ്‌സി കപ്പിന്‍റെ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി എടികെ മോഹന്‍ ബഗാന്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് ചാമ്പ്യന്മാരായ ബസുന്ധര കിങ്സിനെ സമനിലയില്‍ തളച്ചാണ് മോഹന്‍ ബഗാന്‍റെ മുന്നേറ്റം.
മത്സരത്തില്‍ ഓരോ ഗോളുകള്‍ നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയിൽ ബ്രസീലിയൻ മിഡ്‌ഫീല്‍ഡര്‍ ജോനാഥൻ ഫെർണാണ്ടസ് (28ാം മിനുട്ട് ) ബസുന്ധര കിങ്സിനെ മുന്നിലെത്തിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ ഓസ്‌ട്രേലിയൻ ഫോർവേഡ് ഡേവിഡ് വില്യംസിലൂടെ (62ാം മിനുട്ട്) മോഹന്‍ബഗാന്‍ സമനില പിടിച്ചു.
മത്സരത്തിന്‍റെ 47ാം മിനുട്ടില്‍ അപകടകരമായ ഫൗളിന് സുശാന്തോ ത്രിപുര ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത് ബംഗ്ലാദേശ് ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായി. അതേസമയം ഗ്രൂപ്പ് ഡിയില്‍ ഏഴ് പോയിന്‍റോടെ ചാമ്പ്യന്മാരായാണ് മോഹന്‍ ബഗാന്‍ നോക്കൗട്ടുറപ്പിച്ചത്.