സ്‌പെയിന്‍:കൊവിഡ് 19-നെ അതിജീവിച്ച് പുനരാരംഭിച്ച സ്പാനിഷ് ലാലിഗയില്‍ സൂപ്പർ ക്ലബായ ബാഴ്‌സലോണയ്ക്ക് മുന്നേറ്റം. ഹോം ഗ്രൗണ്ടായ നൗകാമ്പില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണക്ക് ജയം. ലീഗിലെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ലെഗന്‍സിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. 42-ാം മിനിട്ടില്‍ ആന്‍സു ഫാറ്റിയാണ് ബാഴ്‌സയ്ക്കായി ആദ്യം ഗോൾ നേടിയത്. പിന്നാലെ രണ്ടാം പകുതിയിലെ 69-ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ സൂപ്പര്‍ താരം ലയണല്‍ മെസിയും ഗോള്‍ സ്വന്തമാക്കി. മെസിയുടെ കരിയറില്‍ 699-ാമത്തെ ഗോള്‍ കൂടിയായിരുന്നു അത്. ലീഗിലെ ഈ സീസണില്‍ 21 ഗോളാണ് മെസി ബാഴ്‌സക്കായി നേടിയത്.
മെസിക്ക് 699-ാം ഗോള്‍; ലീഡുയര്‍ത്തി ബാഴ്‌സലോണ
ഹോം ഗ്രൗണ്ടായ നൗകാമ്പില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടിയിലൂടെ എതിരാളികളുടെ വല ചലിപ്പിച്ച സൂപ്പര്‍ താരം ലയണല്‍ മെസി കരിയറിലെ 699-ാമത്തെ ഗോളാണ് സ്വന്തം പേരില്‍ കുറിച്ചത്.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായുള്ള അകലം ബാഴ്‌സ അഞ്ച് പോയിന്‍റായി ഉയര്‍ത്തി. നിലവില്‍ ഒന്നാം സ്ഥാത്തുള്ള ബാഴ്‌സലോണക്ക് 29 മത്സരങ്ങളില്‍ നിന്നും 38 പോയിന്‍റുണ്ട്. രണ്ടാം സ്ഥാനത്തുള്ള റയലിന് 28 മത്സരങ്ങളില്‍ നിന്നും 32 പോയിന്‍റും. ജൂണ്‍ 20-ന് മൂന്നാം സ്ഥാനക്കാരായ സെവില്ലക്കെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം.
കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ലെഗെന്‍സിനെതിരായ മത്സരത്തില്‍ 90,000 കാണികളെ ഉള്‍ക്കൊള്ളാവുന്ന നൗകാമ്പ് സ്റ്റേഡിയം ആരവങ്ങളൊഴിഞ്ഞ് ഒഴിഞ്ഞ കസേരകളോടെ ശൂന്യമായി കിടന്നു. ഇതിന് മുമ്പ് 2017-ല്‍ കാറ്റിലോണിയന്‍ പ്രക്ഷേഭത്തിന്‍റെ ഭാഗമായാണ് നൗകാമ്പില്‍ ബാഴ്‌സക്ക് ശൂന്യമായ കസേരകളെ സാക്ഷിയാക്കി കളിക്കേണ്ടി വന്നത്. ബുധനാഴ്ച അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ആതിഥേയര്‍ അല്‍പം വിയര്‍ക്കേണ്ടിവന്നു. മത്സരം തുടങ്ങി 15-ാം മിനിട്ട് മുതല്‍ സന്ദര്‍ശകര്‍ പന്തുമായി ബാഴ്സയുടെ പകുതി കടന്നിരുന്നു. ചൊവ്വാഴ്ച രാത്രി നടന്ന മറ്റൊരു മത്സരത്തില്‍ വിയ്യാറയല്‍ ഏകപക്ഷീയമായ ഒരു ഗോളിന് മയ്യോര്‍ക്കയെ പരാജയപ്പെടുത്തിയപ്പോള്‍ ഗെറ്റാഫിയും എസ്പാനോളും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.