മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും മാഞ്ചസ്റ്റര്‍ ഡര്‍ബി. ഓള്‍ഡ് ട്രാഫോഡില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരും. പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ ഇരു ടീമുകള്‍ക്കും മികച്ച തുടക്കമല്ല ലഭിച്ചത്.
സീസണില്‍ ഉടനീളം വമ്പന്‍ മത്സരങ്ങളില്‍ കാലിടറുന്ന പതിവ് യുണൈറ്റഡ് തുടരുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ പ്ലേ ഓഫ് കാണാതെ പുറത്തായത് ഉള്‍പ്പെടെ സോള്‍ഷെയറുടെ ശിഷ്യന്‍മാരെ വലക്കുന്നുണ്ട്. വമ്പന്‍ താരനിരയാല്‍ സമ്പന്നമാണെങ്കിലും ജയം സ്വന്തമാക്കുന്നതില്‍ ടീം കാണിക്കുന്ന അലസതയാണ് വിനയാകുന്നത്.
പോഗ്‌ബ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫോമിലേക്ക് ഉയരാത്തതും കവാനി ഉള്‍പ്പെടെ ഗോളടിക്കുന്നതില്‍ മിടുക്ക് കാണിക്കാത്തതും യുണൈറ്റഡിനെ വലക്കുന്നുണ്ട്. അതേസമയം ഹോം ഗ്രൗണ്ടില്‍ നടക്കുന്ന ഡര്‍ബിയില്‍ ഈ പോരായ്‌മകള്‍ മറികടക്കാമെന്ന പ്രതീക്ഷയിലാണ് സോള്‍ഷെയര്‍. മോശം പ്രകടനത്തില്‍ ആര്‍ക്കും നിരാശ വരും പക്ഷേ ഞങ്ങള്‍ തിരിച്ചുവരുമെന്ന് ഇതിനകം സോള്‍ഷെയര്‍ വ്യക്തമാക്കി കഴിഞ്ഞു.
മറുഭാഗത്ത് ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കിയതിന്‍റെ ആവേശത്തിലാണ് പെപ്പ് ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍. ഗ്രൂപ്പ് സിയില്‍ നിന്നും ചാമ്പ്യന്‍മാരായാണ് പ്ലേ ഓഫിലേക്ക് സിറ്റിയുടെ പ്രവേശനം. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ സമനിലയില്‍ തളച്ചും പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ടോട്ടന്‍ഹാമിനെ മുട്ടുകുത്തിച്ചുമാണ് സിറ്റിയുടെ മുന്നേറ്റം. ഡര്‍ബയില്‍ ജയം അനിവാര്യമാണെന്ന് ഇതിനകം ഗാര്‍ഡിയോള വ്യക്തമാക്കി കഴിഞ്ഞു.
കെവിന്‍ ഡി ബ്രൂണിയും ബ്രൂണോ ഫെര്‍ണാണ്ടസും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള കാല്‍പന്താരാധകര്‍. മത്സരം രാത്രി 11 മണിക്ക് ആരംഭിക്കും.