മാഞ്ചസ്റ്റര്‍:ഓള്‍ഡ് ട്രാഫോഡില്‍ മാഞ്ചസ്റ്റര്‍ ഡര്‍ബിക്ക് മണിക്കൂറുകള്‍ മാത്രം. കറബാവോ കപ്പിന്‍റ സെമി ഫൈനലിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരുന്നത്. ജയിക്കുന്നവര്‍ കലാശപ്പോരില്‍ ടോട്ടന്‍ഹാമിനെ നേരിടും.
പുലര്‍ച്ചെ 1.15ന് ആരംഭിക്കുന്ന മത്സരത്തില്‍ മുന്നേറ്റ താരം എഡിസണ്‍ കവാനി ഇല്ലാതെയാണ് യുണൈറ്റഡ് ഇറങ്ങുക. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍റെ വിലക്ക് കാരണമാണ് കവാനിക്ക് പുറത്തിക്കേണ്ടി വരുന്നത്. പരിക്ക് കാരണം സ്വീഡിഷ് സെന്‍റര്‍ ബാക്ക് വിക്‌ടര്‍ ലിന്‍ഡലൊഫും പുറത്തിരിക്കും. ഇരുവരുടെയും അഭാവം നികത്താനുള്ള ശ്രമത്തിലാണ് പരിശീലകന്‍ ഒലേ ഗണ്ണന്‍ സോള്‍ഷെയര്‍.
മറുഭാഗത്ത് സിറ്റിയുടെ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയെ വലക്കുന്നത്. പ്രതിരോധ താരം വാക്കര്‍, ഫോര്‍വേഡുകളായ ജസൂസ്, ടോറസ് എന്നിവര്‍ക്കും ഗോള്‍ കീപ്പര്‍ എഡേഴ്‌സണും യുവതാരം എറിക് ഗാര്‍ഷ്യക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവർ ഓള്‍ഡ് ട്രാഫോഡില്‍ ബൂട്ടുകെട്ടില്ല.
ലീഗില്‍ ഇന്ന് നടന്ന മറ്റൊരു സെമി ഫൈനല്‍ പോരാട്ടത്തില്‍ ബ്രെന്‍ഡ്‌ഫോര്‍ഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ടോട്ടന്‍ഹാം ഫൈനല്‍ യോഗ്യത സ്വന്തമാക്കി. ടോട്ടന്‍ഹാമിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഫ്രഞ്ച് മധ്യനിര താരം മോസ സിസോക്കോയും രണ്ടാം പകുതിയിലെ 70ാം മിനിട്ടില്‍ ദക്ഷിണ കൊറിയന്‍ ഫോര്‍വേഡ് സണ്‍ ഹ്യൂമിനും ടോട്ടന്‍ഹാമിനായി വല കുലുക്കി.