വെബ്ലി സ്‌റ്റേഡിയം: എഫ്‌എ കപ്പിന്‍റെ ഫൈനലില്‍ മാഞ്ചസ്‌റ്റര്‍ ഡര്‍ബി കാണാമെന്ന ആരാധകരുടെ ആഗ്രഹത്തിന് തിരിച്ചടി. ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്‌റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ആഴ്‌സണ്‍ ഫൈനല്‍ യോഗ്യത നേടി. സ്‌ട്രൈക്കര്‍ എമറിക് ഒബമയാങ്ങിന്‍റെ ഇരട്ട ഗോളിന്‍റെ ബലത്തിലാണ് ആഴ്‌സണല്‍ സിറ്റിയെ മറികടന്നത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് ചെല്‍സിയെ നേരിടും.
ലിവര്‍പൂളിനെ സ്വന്തം മൈതാനത്ത് നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് നിലവിലെ ചാമ്പ്യന്‍മാരായ സിറ്റി സെമിയില്‍ കളിക്കാനിറങ്ങിയത്. മറുവശത്ത് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ 2-1ന് തോല്‍പ്പിച്ച ബലത്തിലാണ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എഫ്എ കപ്പ് സ്വന്തമാക്കിയ ആഴ്‌സണല്‍ കളത്തിലിറങ്ങിയത്. പ്രതീക്ഷിച്ചത് പോലെ കളി നിയന്ത്രിച്ചത് സിറ്റി തന്നെയായിരുന്നു. എന്നാല്‍ ബ്രസീലിയൻ സൂപ്പര്‍ താരം ഡേവിഡ് ലൂയിസ് നയിച്ച പ്രതിരോധത്തെയും മാര്‍ട്ടിനെസ് എന്ന ഗോളിയെയും മറികടന്ന പന്ത് വലയിലാക്കാൻ മാത്രം നീലപ്പടയ്‌ക്ക് കഴിഞ്ഞില്ല. എന്നാല്‍ മറുവശത്ത് ആകെ ഉതിര്‍ച്ച അഞ്ച് ഷോട്ടുകളില്‍ രണ്ടെണ്ണം വലയിലാക്കി ആഴ്‌സണല്‍ കളി പിടിച്ചു.
19ാം മിനുട്ടില്‍ ആഴ്‌സണല്‍ ആദ്യഗോള്‍ നേടി. സിറ്റിയുടെ ഗോള്‍മുഖത്ത് നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പെപ്പെയുടെ ക്രോസില്‍ നിന്ന് കിട്ടിയ പന്ത് പോസ്‌റ്റിന്‍റെ വലതുമൂലയിലേക്ക് തട്ടിവിട്ട് ഒബമയാങ്ങിന്‍റെ സ്‌കോറിങ്. ഗോള്‍ നേടിയതിന്‍റെ ആത്മവിശ്വാസത്തില്‍ ആഴ്‌സണല്‍ പല തവണ സിറ്റിയുടെ പോസ്‌റ്റിലേക്ക് ഇരുച്ചുകയറിയെങ്കിലും ഫലമുണ്ടായില്ല. 71ാം മിനുട്ടില്‍ സിറ്റിയുടെ പോസ്‌റ്റിലേക്ക് വീണ്ടും പന്ത് കയറി. തിയോര്‍നിയുടെ ലോങ് പാസ് നേടിയെടുത്ത ഒബമയാങ്ങിനെ തടയാന്‍ സിറ്റി താരങ്ങളുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ സിറ്റി ഗോള്‍കീപ്പര്‍ എഡേര്‍സണിന്‍റെ കാലുകള്‍ക്കിടയിലൂടെ പന്ത് വീണ്ടും വലയ്‌ക്കുള്ളിലേക്ക്.
മത്സരത്തിന്‍റെ 70 ശതമാനം സമയവും പന്ത് കൈവശം വച്ചത് സിറ്റിയായിരുന്നു. 12 കോര്‍ണറുകളും ടീമിന് കിട്ടി. എന്നാല്‍ ആകെ ഉതിര്‍ത്ത 12 ഷോട്ടുകളില്‍ പോസ്‌റ്റിലേക്കെത്തിയത് രണ്ടെണ്ണം മാത്രമാണ്. അതാകട്ടെ ആഴ്‌സണല്‍ പ്രതിരോധവും ഗോളിയും ചേര്‍ന്ന് തടയുകയും ചെയ്‌തു. മറുവശത്ത് 30 ശതമാനം സമയം മാത്രം പന്ത് കൈവശം വച്ച ആഴ്‌സണല്‍ ഉതിര്‍ത്ത അഞ്ച് ഷോട്ടുകളും ലക്ഷ്യത്തിലേക്കായിരുന്നു. അതില്‍ രണ്ടെണ്ണം ലക്ഷ്യം ഭേദിക്കുകയും ചെയ്‌തു. കളി കൈവിട്ടു പോകുമെന്നറിഞ്ഞതോടെ പരുക്കൻ കളി പുറത്തെടുത്ത സിറ്റി താരങ്ങള്‍ക്ക് നേരെ 12 തവണ റഫറി മഞ്ഞക്കാര്‍ഡുയര്‍ത്തി. ഇന്ന് നടക്കുന്ന മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് ചെല്‍സി രണ്ടാം സെമിയിലെ ജേതാക്കളായിരിക്കും ഫൈനലില്‍ ഗണ്ണേഴ്‌സിന്‍റെ എതിരാളികള്‍.