ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ ഹഡേഴ്സ്ഫീൽഡിനെ തകർത്ത് ടോട്ടനം ഹോട്സ്പർ. ലൂക്കാസ് മൗരയുടെ ഹാട്രിക് മികവിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പ്രീമിയർ ലീഗിലെ അവസാന സ്ഥാനക്കാരെ ടോട്ടനം തകർത്തത്. ജയത്തോടെ ചെൽസിയെ മറികടന്ന് ടോട്ടനം മൂന്നാം സ്ഥാനത്തെത്തി.
പ്രീമിയർ ലീഗിൽ ഹഡേഴ്സ്ഫീൽഡിനെ തകർത്ത് ടോട്ടനം - ടോട്ടനം ഹോട്സ്പർ
ബ്രസീലിയൻ താരം ലൂക്കാസ് മൗരയുടെ ഹാട്രിക്ക് പ്രകടനമാണ് ടോട്ടനത്തിന് തകർപ്പൻ ജയം സമ്മാനിച്ചത്.
സൂപ്പർ താരം ഹാരി കെയിൻ ഇല്ലാതെ ഇറങ്ങിയ സ്പർസിന് മൗരയും വിക്ടർ വന്യാമയും മികച്ച തുടക്കമാണ് നൽകിയത്. 24-ാം മിനിറ്റിൽ വന്യാമ ടോട്ടനത്തെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റുകൾക്ക് ശേഷം മൗരയുടെ ഗോളിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. കളിയിൽ ടോട്ടനത്തിന്‍റെ സമ്പൂർണ ആധിപത്യമായിരുന്നു കാണാൻ സധിച്ചത്. രണ്ടാം പകുതിയുടെ 87-ാം മിനിറ്റിൽ മൗരയുടെ രണ്ടാം ഗോളിൽ ടോട്ടനം വിജയം ഉറപ്പിച്ചു. എന്നാൽ ഇഞ്ച്വറി ടൈമിൽ ഹാട്രിക് തികച്ച് ലൂക്കാസ് മൗര ടോട്ടനത്തിന് തകർപ്പൻ ജയം സമ്മാനിച്ചു. പ്രീമിയർ ലീഗിൽ ബ്രസീൽ താരത്തിന്‍റെ ആദ്യ ഹാട്രിക് പ്രകടമാണിത്.
പ്രീമിയർ ലീഗിൽ നിന്നും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ടീമുകൾ മത്സരിക്കുകയാണ്. മൂന്നും നാലും സ്ഥാനങ്ങളിൽ ആരൊക്കെ ഫിനിഷ് ചെയ്യുമെന്ന് ഇപ്പോഴും വ്യക്തമല്ല. ടോട്ടനം, ആഴ്സണൽ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകളാണ് ടോപ്പ് ഫോർ ഫിനിഷിങ്ങിനായി മത്സരക്കുന്നത്.