മാഞ്ചസ്റ്റര്‍: പരിക്കിന്‍റെ പിടിയില്‍ തുളവീണ പ്രതിരോധവുമായി ലിവര്‍പൂള്‍. ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് ഈ സീസണില്‍ മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ലീഗിലെ പോയിന്‍റ് പട്ടികയില്‍ എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയങ്ങള്‍ മാത്രമുള്ള ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്താണ്. ഇതിനകം രണ്ട് പരാജയവും ഒരു സമനിലയും ചെമ്പട വഴങ്ങി കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ 38 മത്സരങ്ങളില്‍ മൂന്ന് പരാജയങ്ങള്‍ മാത്രമാണ് ലിവര്‍പൂള്‍ വഴങ്ങിയത്. ആ നിലവാരം കാത്ത് സൂക്ഷിക്കാന്‍ ഇത്തവണ യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യര്‍ക്ക് സാധിക്കുമോ എന്ന് കണ്ട് തന്നെ അറിയേണ്ടിവരും. പ്രതിരോധത്തിലെ പാളിച്ചകളാണ് പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്‍ ടീമിന് തിരിച്ചടിയാകുന്നത്.
പരിക്ക്; തുളവീണ പ്രതിരോധവുമായി ലിവര്‍പൂള്‍ - liverpool injured news
ലിവര്‍പൂളിന്‍റെ പ്രതിരോധ താരങ്ങളായ വിര്‍ജില്‍ വാന്‍ഡിക്ക്, ജോ ഗോമസ്, ജോയല്‍ മാറ്റിപ് എന്നിവരാണ് പരിക്കേറ്റ് പുറത്തിരിക്കുന്നത്
പ്രമുഖ പ്രതിരോധ താരങ്ങള്‍ പരിക്ക് കാരണം പുറത്തിരിക്കുമ്പോള്‍ ജോയല്‍ മാറ്റിപ് മാത്രമാണ് ചെമ്പടയുെട പ്രതിരോധം കാക്കാന്‍ നിലവില്‍ ബൂട്ടണിയുന്നത്. സെന്‍റര്‍ ബാക്കുകളായ വെര്‍ജില്‍ വാന്‍ഡിക്, ജോ ഗോമസ് എന്നിവരും റൈറ്റ് ബാക്ക് ട്രെന്‍ഡ് അലക്‌സാണ്ടറിനുമേറ്റ പരിക്കാണ് ക്ലോപ്പിനെ വലക്കുന്നത്. പേശിക്ക് പരിക്കേറ്റത് കാരണം വാന്‍ഡിക്ക് ആറ് മാസത്തോളം പുറത്തിരിക്കേണ്ടിവരും. വ്യാഴാഴ്‌ച ശസ്‌ത്രക്രിയക്ക് വിധേയനായ ജോ ഗോമസ് സമ്മര്‍ സീസണില്‍ മാത്രമെ ബൂട്ടണിയൂ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇംഗ്ലണ്ടിന്‍റെ ദേശീയ ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് ഗോമസിന് പരിക്കേറ്റത്. മുമ്പും പരിക്ക് കാരണം ഗോമസിന് ദീര്‍ഘകാലം പുറത്തിരിക്കേണ്ടി വന്നിരുന്നു. അതേസമയം നിലവിലെ സാഹചര്യം ബ്രസീലിയന്‍ മധ്യനിര താരം ഫാബിനോക്ക് ഗുണമാകും. വാന്‍ഡിക്കിന് പകരം ക്ലോപ്പ് നിലവില്‍ ഫാബിനോയെ സെന്‍റര്‍ ബാക്കായി പരീക്ഷിക്കുകയാണ്.