ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ലിവർപൂൾ വീണ്ടും വിജയവഴിയില്‍. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ബേണ്‍ മൗത്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെമ്പട പരാജയപ്പെടുത്തി. ആദ്യ പകുതിയിലാണ് മത്സരത്തിലെ ഗോളുകളെല്ലാം പിറന്നത്. ഒമ്പതാം മിനിട്ടില്‍ ബേണ്‍മൗത്തിനായി മുന്നേറ്റ താരം കല്ലും വില്‍സണാണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ ലിവർപൂളിനായി 25-ാം മിനിട്ടില്‍ മുന്നേറ്റ താരം മുഹമ്മദ് സാല സമനില ഗോൾ നേടി. 33-ാം മിനുട്ടില്‍ മാനെ വിജയ ഗോൾ നേടി.
പ്രീമിയർ ലീഗില്‍ ചെമ്പട വീണ്ടും വിജയ വഴിയില്‍ - liverpool news
ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ലിവർപൂൾ ബേണ്‍മൗത്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോൾ മാത്രം സ്വന്തമാക്കാനായില്ല. ജയത്തോടെ ലിവർപൂൾ പോയിന്‍റ് പട്ടികയില്‍ മൂന്ന് പോയിന്‍റ് കൂടി കൂട്ടിച്ചേർത്ത് 82 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 57 പോയിന്‍റ് മാത്രമാണ് ഉള്ളത്. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ലിവർപൂൾ വാറ്റ്ഫോർഡിനോട് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ലീഗില്‍ ബ്രൈറ്റണും വോൾവ്സും തമ്മില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരം ഗോൾരഹിത സമനിലയില്‍ കലാശിച്ചു.