നൗകാമ്പ് : 21വര്‍ഷം നീണ്ട ബാഴ്‌സലോണ ബന്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് സൂപ്പര്‍ താരം ലയണല്‍ മെസി. 13ാം വയസ് മുതല്‍ ബാഴ്‌സ തന്‍റെ വീടും ലോകവുമാണ്.
ഈ ക്ലബ്ബിനെയാണ് താന്‍ ഇഷ്ടപ്പെടുന്നത്. 50 ശതമാനം വരെ പ്രതിഫലം കുറച്ചും തുടരാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും മെസി പറഞ്ഞു.
ഈ ക്ലബ് വിട്ട് പുതിയ ഒരു ജീവിതമെന്ന യാഥാര്‍ഥ്യത്തോട് ഇപ്പോഴും പൊരുത്തപ്പെടാനായിട്ടില്ല. എന്നാല്‍ അതിനെ അംഗീകരിച്ച് മുന്നോട്ടുപോവേണ്ടതുണ്ട്. ആരാധകര്‍ക്ക് മുന്നിലല്ലാതെ ഈ രീതിയിൽ വിടപറയുന്നത് ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ല.
ഒന്നര വർഷത്തിലേറെയായി ആരാധകരെ കാണാതെയാണ് ക്ലബ്ബില്‍ നിന്നും പടിയിറങ്ങുന്നത്. ബാഴ്‌സയിലേക്ക് തിരിച്ചെത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ഇക്കാര്യം താന്‍ കുട്ടികള്‍ക്ക് വാക്ക് നല്‍കിയതായും മെസി കൂട്ടിച്ചേര്‍ത്തു.