പാരീസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി തന്‍റെ പുതിയ തട്ടകത്തിൽ അരങ്ങേറ്റം കുറിക്കുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്‌ബോൾ ലോകം. ഇന്ന് ബ്രെസ്റ്റിനെതിരായ മത്സരത്തിൽ പിഎസ്‌ജിക്കായി മെസി പന്തുതട്ടാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
മെസിയുടെ പി.എസ്.ജി അരങ്ങേറ്റം ബ്രെസ്റ്റിനെതിരായ മത്സരത്തിൽ ഉണ്ടായേക്കുമെന്നാണ് കോച്ച് മൗറീസിയോ പൊച്ചെറ്റീനോ നൽകുന്ന സൂചന. അന്തിമ ഇലവൻ തീരുമാനമായില്ലെങ്കിലും മെസി അടക്കമുള്ള താരങ്ങളെ പരിഗണിക്കുമെന്നാണ് പൊച്ചെറ്റീനോ അറിയിച്ചിട്ടുള്ളത്.
കോപ്പ അമേരിക്കയ്ക്ക് ശേഷം വിശ്രമനാളുകള്‍ ആയിരുന്നതിനാലാണ് മെസി, നെയ്മര്‍, ഏഞ്ചല്‍ ഡി മരിയ തുടങ്ങിയ താരങ്ങളെ കോച്ച് ടീമിലേക്ക് പരിഗണിക്കാതിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സഹതാരങ്ങളായ നെയ്മർ, കിലിയൻ എംബാപ്പെ, ഏയ്ഞ്ചൽ ഡി മരിയ എന്നിവർക്കൊപ്പം മെസി പരിശീലനം നടത്തിയിരുന്നു.
ALSO READ:'റയലിലെ എന്‍റെ കഥ എഴുതി കഴിഞ്ഞത്'; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ക്രിസ്റ്റ്യാനോ
മെസിക്കൊപ്പം നെയ്‌മറും ഈ സീസണിലെ ആദ്യമത്സരത്തിനിറങ്ങനുള്ള സാധ്യത തള്ളിക്കളയുന്നില്ല. അങ്ങനെയെങ്കിൽ 2017 ന് ശേഷം മെസിയും നെയ്‌മറും ഒരു ടീമിനായി ഒന്നിച്ച് പന്തുതട്ടുന്ന കാഴ്‌ചയും കാണികൾക്ക് കാണാൻ സാധിക്കും.