കേരളം

kerala

ETV Bharat / sports

ഫുട്ബോളിന്‍റെ മിശിഹ ; റൊസാരിയോയിൽ വിരിഞ്ഞ വസന്തം

മെസി - റൊസാരിയോയില്‍ നിന്ന് കാല്‍പന്തുകളിയില്‍ ഒരുകാലത്തും ഒഴിച്ചുകൂടാനാകാത്ത പേരായി വളര്‍ന്ന പ്രതിഭ.

lionel messi  birthday  birthday special  ഫുട്ബോളിന്‍റെ മിശിഹ  വസന്തം  ballon d'or  fifa
ഫുട്ബോളിന്‍റെ മിശിഹ; റൊസാരിയോയിൽ വിരിഞ്ഞ വസന്തം

By

Published : Jun 24, 2021, 4:42 PM IST

1987 ജൂൺ 24-ന് അർജന്‍റീനയിലെ റൊസാരിയോയിൽ ഒരു കുഞ്ഞ് പിറന്നു, സാധാരണക്കാരിൽ സാധാരണക്കരായ കുടുംബം. ജോർജ് ഹൊറാസിയോയെന്നും സെലിയ മറിയ കുചിറ്റിനിയെന്നുമാണ് ആ കുഞ്ഞിന്‍റെ മാതാപിതാക്കളുടെ പേര്.

പിതാവ് ഒരു ഫാക്ടറി തൊഴിലാളി. മാതാവ് ഒരു കമ്പനിയിലെ തൂപ്പുകാരി, തങ്ങൾക്ക് ജനിച്ച കുഞ്ഞിനെ അവര്‍ ലയണൽ ആൻഡ്രെസ് മെസിയെന്ന് വിളിച്ചു. നടക്കാൻ തുടങ്ങിയ കാലം മുതൽ അവനിഷ്ടം ഫുട്ബോളിനോടായിരുന്നു.

ഫുട്ബോളിന്‍റെ മിശിഹ; റൊസാരിയോയിൽ വിരിഞ്ഞ വസന്തം

പിതാവ് ജോർജ് ഒഴിവ് സമയങ്ങളിൽ ഒരു പ്രദേശിക ക്ലബ്ബില്‍ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ടായിരുന്നു. ഇതിനിടെ വീട്ടുമുറ്റത്തുള്ള കുഞ്ഞ് മെസിയുടെ പ്രകടനം കണ്ട പിതാവ് അവനേയും കൂടെ കൂട്ടി. അതോടെ അവൻ ഫുട്ബോളിനെ കൂടുതല്‍ സ്നേഹിച്ചുതുടങ്ങി.

വലുതാകുബോൾ ഒരു ഫുട്ബോൾ താരമാകുന്നത് അവൻ സ്വപ്നം കണ്ടു. കുഞ്ഞ് മെസിയുടെ പന്തടക്കവും കളിക്കളത്തിലെ വേഗതയും റൊസാരിയോയിലെ ഒരോ ഫുട്ബോൾ മൈതാനവും അറിഞ്ഞുതുടങ്ങി.

അങ്ങനെ 1995-ൽ തന്‍റെ 8-ാം വയസ്സിൽ അവന് റൊസാരിയോയിലെ പ്രധാന ഫുട്ബോൾ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിലേക്ക് ക്ഷണം കിട്ടി. അധികം വൈകാതെ ആവന്‍ ആ ക്ലബിലെ പ്രധാന താരവുമായി.

റൊസാരിയോയിൽ താരോദയം

ഫുട്ബോളിന്‍റെ മിശിഹ; റൊസാരിയോയിൽ വിരിഞ്ഞ വസന്തം

1998 ല്‍ റൊസാരിയോയില്‍ ഒരു പ്രാദേശിക ഫുട്ബോൾ മത്സരത്തിന്‍റെ ഫൈനൽ നടക്കുന്നു. ന്യൂവെൽസ് ക്ലബ്ബാണ് ഫൈനലിൽ. മത്സരം കാണാൻ ഗാലറിയിൽ ജോര്‍ജും ഭാര്യ മറിയയുമുണ്ട്. ജോർജ് ഭാര്യ മറിയയുടെ കൈകൾ ചേർത്തുപിടിച്ചു. അത് അവർക്ക് അഭിമാന നിമിഷമായിരുന്നു.

കാരണം അവരുടെ മകനെ പറ്റിയാണ് ആ ഗാലറിയിലെ മുഴുവൻ സംസാരവും. എതിർ ടീമിലെ അരാധകർ പോലും അവനെ അത്ഭുത ബാലൻ എന്ന് വിശേഷിപ്പിക്കുന്നു. ഫൈനലിന്‍റെ ആവേശത്തിനൊപ്പം ഗാലറിയിലെ സകല കണ്ണുകളും ഒരു പന്തിന് പിന്നാലെയോടുന്ന മെസിയിലേക്കായിരുന്നു.

അവൻ ഫുട്ബോൾ കൈയടക്കി വച്ച് ഏതിരാളികളെ ഒരോന്നായി വെട്ടിച്ച് മുന്നേറുന്നുണ്ട്. പാസുകൾ കിറുകൃത്യം. ഒടുവിൽ അവന്‍റെ കാലിലൂടെ ഗോളും പിന്നാലെ ന്യൂവെൽസ് ക്ലബ്ബിന്‍റെ വിജയവും പിറന്നു. കുഞ്ഞുമെസിയുടെ ജീവിതത്തിലെ ഗൗരവമേറിയ ആദ്യ കപ്പ്.

രോഗം വില്ലനാകുന്നു

പക്ഷേ, സന്തോഷം അധികകാലം നീണ്ടു നിന്നില്ല. ഒരു ദിവസം അവന്‍ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മൈതാനത്ത് കാലുവേദന മൂലം വീണു. ആദ്യമൊന്നും അവൻ അത് വകവെച്ചില്ല. മാതാപിതാക്കളും സഹകളിക്കാരും ക്ലബ്ബ് അധികൃതരും കരുതിയത് കളിക്കിടയിലുണ്ടാകുന്ന സ്വാഭാവികമായ വേദന എന്നാണ്.

ഫുട്ബോളിന്‍റെ മിശിഹ; റൊസാരിയോയിൽ വിരിഞ്ഞ വസന്തം

പക്ഷേ സഹിക്കവയ്യാതായപ്പോൾ ജോർജ് മകനെ ഡോക്ടറുടെ അടുത്തെത്തിച്ചു. ഡോക്ടറുടെ വാക്കുകള്‍ കേട്ട് ആ പിതാവ് ശരിക്കും തളർന്നുപോയി. മെസിക്ക് 'ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി' ആണെന്ന് ഡോക്ടര്‍ അറിയിച്ചു.

ശരീര വളർച്ചയ്ക്കുള്ള ഹോർമോൺ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്ത രോഗാവസ്ഥയാണത്. അതോടെ കുഞ്ഞുമെസിക്ക് ഇനി കളിക്കാനാവില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതുകയും ചെയ്തു.

also read:കാല്‍പന്തിന്‍റെ ലോകത്തെ മിശിഹക്ക് ജന്മദിനം; മെസി@ 34

ആ കൊച്ചുബാലന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്. വലിയൊരു ഫുട്ബോളറാകണം എന്നാഗ്രഹിച്ച മകന്‍റെ സങ്കടത്തിന് മുന്നില്‍ നിസഹായരായിരിക്കാന്‍ മാത്രമേ മാതാപിതാക്കൾക്ക് ആവുമായിരുന്നുള്ളൂ. 900 ഡോളര്‍ എന്ന പ്രതിമാസ ചികിത്സാ ചിലവ് അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഇതിനിടെ കുഞ്ഞുമെസിയുടെ ശരീരത്തില്‍ വേദനയും മനസില്‍ സങ്കടവും കൂടിക്കൊണ്ടേയിരുന്നു. വേദനയേക്കാൾ കൂടുതൽ അവൻ കരഞ്ഞത് ഫുട്ബോൾ കളിക്കാൻ പറ്റാത്തതിനെ കുറിച്ച് ഓർത്തായിരുന്നു.

എന്നാല്‍ വേദന വകവെയ്ക്കാതെ ആ 11കാരന്‍ താരം വീടിനകത്തും പുറത്തും തട്ടാന്‍ തുടങ്ങി. മതാപിതാക്കള്‍ ആദ്യം അതിനെ വിലക്കാന്‍ ശ്രമിച്ചെങ്കിലും ഫുട്ബോളിനോടുള്ള തന്‍റെ അഭിനിവേശം ഒളിച്ചുവയ്ക്കാന്‍ അവനാകുമായിരുന്നില്ല.

വേദന അസഹനീയമാകുബോൾ മാറിയിരുന്ന് കരയും, വേദന കുറച്ച് കുറഞ്ഞാൽ വീണ്ടും കളിക്കും. ഇതോടെ ചിലർ അവനെ പരിഹസിക്കാനും തള്ളിക്കളയാനും തുടങ്ങി.

നല്ല കാലം വരുന്നു

അന്ന് റിവര്‍പ്ലേറ്റ് അര്‍ജന്‍റീനയിലെ പ്രമുഖ ക്ലബ്ബായി മാറുന്ന കാലം. കുരുന്നു പ്രതിഭകളെ തേടിയപ്പോൾ ക്ലബ്ബിന്‍റെ അധികൃതർ മെസിയുടെ വീട്ടിലുമെത്തി. സങ്കടത്തോടെ ജോര്‍ജ് മകന്‍റെ രോഗകാര്യങ്ങള്‍ പറഞ്ഞു. നല്ല ചികിത്സ കിട്ടിയാല്‍ രോഗം മാറ്റാം. മാനേജര്‍ കൈമലര്‍ത്തി.

അവന്റെ ചികിത്സിക്കാനാവശ്യമായ പണം അവരുടെ കൈവശം ഉണ്ടായിരുന്നില്ല. അങ്ങനെ രോഗം കീഴടക്കാൻ പോരാടുന്ന കുരുന്നു പ്രതിഭയെകുറിച്ചുള്ള വാര്‍ത്തകള്‍ അര്‍ജന്‍റീനയില്‍ നിന്ന് സ്‌പെയിനിലുമെത്തി.

വാര്‍ത്ത കേട്ട ബാഴ്സലോണയുടെ സ്പോട്ടിങ് ഡയറക്ടറായിരുന്ന കാർലസ് റക്സാച്ചാണ് ഈ കുഞ്ഞുപ്രതിഭയുടെ ജീവിതം മാറ്റിമറിക്കുന്നത്. കാര്‍ലോസ് റെക്‌സാച്ച് ജോര്‍ജിനെയും മകനെയും നേരിട്ട് കാണണം എന്ന് പറഞ്ഞു.

also read: റാമോസിനെ ലക്ഷ്യമിട്ട് വമ്പന്‍മാര്‍ ; നോട്ടം ഫ്രീ ട്രാന്‍സ്‌ഫറിന്

ജോര്‍ജും മകനും ബാഴ്‌സലോണയിലെത്തി. മുതിർന്നവർ തന്‍റെ രോഗ വിവരം സംസാരിക്കുമ്പോൾ അവന്‍റെ ശ്രദ്ധ പുറത്ത് പരിശീലിച്ചുകൊണ്ടിരിക്കുന്ന സമപ്രായക്കാരായ കുട്ടികളിലേക്കായിരുന്നു. അവൻ അങ്ങോട്ട് ഓടി. പിതാവ് തടയാൻ ശ്രമിച്ചുവെങ്കിലും കാര്‍ലോസ് അനുവാദം കൊടുത്തു.

മൈതാനത്ത് പന്ത് തട്ടുന്ന മറ്റ് കുരുന്നുകള്‍ക്കൊപ്പം അവനും വേദനിക്കുന്ന കാലുകളുമായി കളിച്ചു. കളി പത്ത് മിനുട്ട് പിന്നിട്ടപ്പോള്‍ അവൻ വേദന മറന്നു. പന്ത് അവന്റെ കാലുകളിൽ മാത്രമായി ഒതുങ്ങുകയും കുട്ടുകാര്‍ക്ക് പാസുകള്‍ നല്‍കുമ്പോഴും കൃത്യതയും തെളിഞ്ഞു വന്നു.

ഉടനെ കാര്‍ലോസ് തിരുമാനിച്ചു, ഒരു വര്‍ഷം അവൻ അവിടെ കളിക്കട്ടെയെന്ന്. അവന്‍റെ മരുന്നും ചികിത്സയുമെല്ലാം ക്ലബ്ബ് ഏറ്റെടുക്കുന്നതായി അറിയിച്ചു. ആ പിതാവിന്‍റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു. മകന്‍റെ തലയില്‍ മുത്തം വച്ച് ജോര്‍ജ് നാട്ടിലേക്ക് മടങ്ങി. പിന്നീട് അങ്ങോട്ട് ഒരു താരത്തിന്‍റെ പിറവിക്കുള്ള തുടക്കമായിരുന്നു.

ക്ലബ്ബ് ജീവിതവും, പരിശീലനവും

പരിശീലനവും ഒപ്പം ചികിത്സയുമായിരുന്നു പിന്നീട് അങ്ങോട്ട്. ആ ബാലൻ വീണ്ടും സ്വപ്നങ്ങൾ കണ്ടുതുടങ്ങി. പന്ത് തട്ടുന്നു-പ്രതിയോഗികളെ കീഴ്‌പ്പെടുത്തുന്നു, ഗോള്‍വലയം ലക്ഷ്യമാക്കി അവന്‍ ഉതിര്‍ത്ത ഷോട്ടുകളിലധികവും ലക്ഷ്യം കണ്ടു.

ഫുട്ബോളിന്‍റെ മിശിഹ; റൊസാരിയോയിൽ വിരിഞ്ഞ വസന്തം

ആദ്യം ക്ലബ്ബിന്‍റെ സബ് ജൂനിയര്‍ ബി ടീമില്‍. തുടര്‍ച്ചയായ പരിശീലനവും കളികളും വേദനയ്ക്ക് കാരണമായെങ്കിലും തന്‍റെ ഇഷടത്തെ കൈവിടാന്‍ അവന്‍ ഒരുക്കമായിരുന്നില്ല. ഒരു വര്‍ഷം കൊണ്ട് എ ടീമില്‍. ബാഴ്‌സയെന്ന ക്ലബ്ബും അവനും പരസ്പര പൂരകമായി.

അവൻ ചുറുചുറുക്കുള്ള യുവാവായി മാറി. പിന്നെ 2003-04 സീസണില്‍ ക്ലബ്ബിന്‍റെ വിവിധ കാറ്റഗറി ടീമുകളില്‍ അവന്‍ കളിച്ചു.

റൊസാരിയോയിൽ നിന്ന് ലോകത്തിന്‍റെ അറ്റത്തോളം

2003 നവംബര്‍ 13ന് കേവലം പതിനാറ് വയസും 145 ദിവസവും പ്രായമായപ്പോള്‍ ബാഴ്‌സലോണ സീനിയര്‍ ടീമില്‍ പോർട്ടോയുമായുമായുള്ള സൗഹൃദ മത്സരത്തിൽ അവൻ പന്ത് തട്ടി. അതായിരുന്നു മെസിയുടെ ആദ്യത്തെ ഔദ്യോഗിക മത്സരം.

2004 ഒക്ടോബര്‍ പതിനാറിന് ലാലിഗയിലും 16കാരന്‍ വരവറിയിച്ചു. ഡെക്കൊയ്ക്ക് പകരക്കാരനായാണ് നീളന്‍ മുടിക്കാരനായ താരം കളത്തിലെത്തിയത്. അവിടം മുതല്‍ കളിക്കളത്തിലെ പല ചരിത്രങ്ങളും അവന്‍ തിരുത്തിത്തുടങ്ങി.

ഫുട്ബോളിന്‍റെ മിശിഹ; റൊസാരിയോയിൽ വിരിഞ്ഞ വസന്തം

ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനും ലാലിഗയില്‍ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനുമായി താരം മാറി.

2004 ജൂണിൽ പരാഗ്വേയ്ക്ക് എതിരെ അണ്ടർ20 സൗഹൃദ മത്സരത്തിലുടെ അർജന്‍റീന ദേശീയ ടീമിൽ താരം അരങ്ങേറ്റം ഗംഭീരമാക്കി. അന്നത്തെ ലോകകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായിരുന്നു അദ്ദേഹം.

also read: ലോക ടെസ്‌റ്റ് ചാമ്പ്യന്മാരായി ന്യൂസിലൻഡ്; പാടെ തകർന്ന് ടീം ഇന്ത്യ

ചരിത്രം വഴിമാറുന്നു

ഫുട്ബോളിന്‍റെ മിശിഹ; റൊസാരിയോയിൽ വിരിഞ്ഞ വസന്തം

ആറ് ബാലൺ ഡി ഓർ, ആറ് വട്ടം ഫിഫയുടെ മികച്ച താരം, ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന് ഗിന്നസ് റെക്കോര്‍ഡ്. ഫിഫയുടെ ലോക ഇലവനില്‍ കൂടുതല്‍ തവണ ഇടം നേടിയ കളിക്കാരന്‍, മൂന്ന് ക്ലബ് ലോകകപ്പുകളില്‍ ഗോള്‍ നേടിയ ഏകതാരംയ 2014 ലോകകപ്പിലെ ഏറ്റവും മികച്ചതാരം, ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഹാട്രിക്കുകകള്‍, ലാ ലീഗ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍.. ഇങ്ങനെ റെക്കോര്‍ഡുകളുെട നിരയും എറ്റവും മികച്ച കളിമുഹൂര്‍ത്തങ്ങളും ആരാധകര്‍ക്ക് സമ്മാനിച്ച താരമാണ് മെസി.

പത്താം വയസിൽ ചികിത്സയ്ക്കായി പ്രതിമാസം ആവശ്യത്തിന് പണം കണ്ടെത്താന്‍ കഴിയാതിരുന്ന താരം ഇന്ന് ലോകത്തെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ കാല്‍പന്ത് കളിക്കാരനാണ്

ഈ വളര്‍ച്ചയുടെ കഥ ലോകത്തെ മുഴുവന്‍ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. എല്ലാ ഇതിഹാസങ്ങളെയും പോലെ ലയണൽ മെസിയും വിസ്മയകരമായ പാഠപുസ്തകമാണ്.

ABOUT THE AUTHOR

...view details