നൗകാമ്പ്: ബാഴ്‌സ പഴയ ബാഴ്‌സയല്ലെന്ന ആക്ഷേപം കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഒത്തിണക്കമില്ലാത്ത കളിയും ഫോമിലല്ലാത്ത വയസൻ പടയുമൊക്കെയായി ബാഴ്‌സ നിരന്തരം തോല്‍വികൾ ഏറ്റുവാങ്ങുന്നതും പതിവായിരുന്നു. അതിനിടെ സൂപ്പർ താരം ലയണല്‍ മെസി ബാഴ്‌സ വിടുന്നു എന്നും കേട്ടു. എന്നാല്‍ മെസി ബാഴ്‌സലോണ വിടില്ലെന്ന് ക്ളബ് തന്നെ പ്രഖ്യാപിച്ചതോടെ അക്കാര്യത്തില്‍ ആശ്വാസമായി. പക്ഷേ തുടർ തോല്‍വികൾക്ക് മാത്രം പരിഹാരമുണ്ടായില്ല. ഒടുവില്‍ സാക്ഷാല്‍ മെസി തന്നെ സ്വന്തം ടീമിനെ മാധ്യമങ്ങൾക്ക് മുന്നില്‍ കുറ്റപ്പെടുത്തി രംഗത്ത് വന്നു. ഇന്ന് താതമ്യേന ദുർബലരായ ഒസാസുനയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതും ലാലിഗ കിരീടം റയല്‍ മാഡ്രിഡ് തിരിച്ചുപിടിച്ചതുമാണ് മെസിയെ ചൊടിപ്പിച്ചത്. " ഇതു പോലെ കളിച്ചാല്‍ ചാമ്പ്യൻസ് ലീഗ് ജയിക്കാൻ ഈ ടീമിന് ഒരിക്കലും കഴിയില്ലെന്നാണ് മെസി തുറന്നടിച്ചത്".
ഇങ്ങനെ കളിച്ചാല്‍ ചാമ്പ്യൻസ് ലീഗും കിട്ടില്ല: തോല്‍വിയില്‍ പൊട്ടിത്തെറിച്ച് മെസി
താതമ്യേന ദുർബലരായ ഒസാസുനയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതും ലാലിഗ കിരീടം റയല്‍ മാഡ്രിഡ് തിരിച്ചുപിടിച്ചതുമാണ് മെസിയെ ചൊടിപ്പിച്ചത്.
ഒസാസുനയോട് ഏറ്റ തോല്‍വിക്ക് ശേഷം മാധ്യമങ്ങളോടാണ് മെസിയുടെ പ്രതികരണം. " ബാഴ്‌സ ഇപ്പോൾ ദുർബലരായിരിക്കുന്നു. പരിശീലകൻ ക്വിക്കെ സ്റ്റെയിനിന്‍റെ തന്ത്രങ്ങൾ പാളുകയാണ് " മുൻപെങ്ങുമില്ലാത്ത വിധമാണ് മെസി സ്വന്തം ടീമിന് എതിരെ പരസ്യ പ്രതികരണം നടത്തിയത്. ബാഴ്‌സലോണ നായകനില്‍ നിന്നുണ്ടായ അപ്രതീക്ഷിത പ്രതികരണം ടീം മാനേജ്‌മെന്‍റിനെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ചിട്ടുണ്ട്. ഇത്തവണ ലാലിഗയില്‍ കൊവിഡിന് മുൻപ് പോയിന്‍റ് നിലയില്‍ ഒന്നാമതുണ്ടായിരുന്ന ബാഴ്‌സ കൊവിഡിന് ശേഷം നടന്ന മത്സരങ്ങളില്‍ ദയനീയ പ്രകടനമാണ് നടത്തിയത്. അതോടെ തുടർച്ചയായ പത്ത് മത്സരങ്ങളില്‍ ജയിച്ച് റയല്‍ മാഡ്രിഡ് 34-ാം ലാലിഗ കിരീടവും സ്വന്തമാക്കി.