കൊവിഡിന് ശേഷമുള്ള ഫുട്‌ബോള്‍ ലോകം നിരവധി മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. പന്തുരുളുന്നതിനൊപ്പം കളിക്കളവും താരങ്ങളും മാറുകയാണ്. ഇത്തവണ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനുള്ള ചുരുക്ക പട്ടിക യുവേഫ പ്രഖ്യാപിച്ചപ്പോഴും ആ മാറ്റം ദൃശ്യമായി. യുവേഫ ഇത്തവണ പുറത്തുവിട്ട ചുരുക്ക പട്ടികയില്‍ ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇല്ല. ഒരു ദശാബ്‌ദത്തിനിടെ റൊണാള്‍ഡോയോ, മെസിയോ ഇല്ലാതെ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കുന്നത് ആദ്യമായാണ്. ഇരുവരില്‍ ഒരാളുടെ സാന്നിധ്യമെങ്കിലും ഈ കാലയളവില്‍ പട്ടികയില്‍ ഉണ്ടായിരുന്നു.
ജര്‍മന്‍ കരുത്തരും ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമായ ബയേണ്‍ മ്യൂണിക്കിന്‍റെ പോളിഷ് മുന്നേറ്റ താരം റോബെര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയും നായകനും ജര്‍മന്‍ താരവുമായ മാന്വല്‍ ന്യൂയറുമാണ് പട്ടികയില്‍ ഇടം പിടിച്ച രണ്ടുപേര്‍. മൂന്നാമനായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയന്‍ മുന്നേറ്റ താരം കെവിന്‍ ഡി ബ്രൂയിനും ഇടം നേടി.
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പ് നടക്കുന്ന ഒക്‌ടോബര്‍ ഒന്നിന് വേദിയില്‍ വെച്ച് പുരസ്‌കാര പ്രഖ്യാപനം നടക്കും.