മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയിലെ വമ്പന്‍മാരായ ബാഴ്‌സലോണയെ തളച്ച് കാഡിസ്. എവേ മത്സരത്തില്‍ മെസിയും കൂട്ടരും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. സൂപ്പര്‍ താരം ലയണല്‍ മെസിയും ബ്രാത് വെയിറ്റും ഗ്രീസ്‌മാനും കുട്ടിന്യോയും ഉള്‍പ്പെടെ ബാഴ്‌സക്കായി അണിനിരന്നെങ്കിലും ഗോള്‍ മാത്രം കണ്ടെത്താനായില്ല.
രണ്ടാം പകുതിയുടെ 57ാം മിനിട്ടില്‍ കാഡിസ് ഒരു ഗോള്‍ ദാനമായി നല്‍കുകയായിരുന്നു. ജെറാള്‍ഡ് പിക്വെയുടെ ഗോളടിക്കാനുള്ള ശ്രമം തടയുന്നതിനിടെ സ്‌പാനിഷ് പ്രതിരോധ താരം പെഡ്രോ അല്‍കാലയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.
കാഡിസിന് വേണ്ടി അല്‍വാരെ ജിമിനെസ് എട്ടാം മിനിട്ടിലും അല്‍വാരോ നെഗ്രെഡോ 63ാം മിനിട്ടിലും വല കുലുക്കി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ കാഡിസ് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലീഗില്‍ 10 മത്സരങ്ങളില്‍ നിന്നും നാല് ജയങ്ങള്‍ മാത്രമുള്ള ബാഴ്‌സലോണ നാലാം സ്ഥാനത്താണ്.
ലീഗില്‍ ആല്‍വേസും റയല്‍ സോസിഡാസും തമ്മില്‍ നടന്ന മറ്റൊരു പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ആല്‍വേസിന്‍റെ മധ്യനിര താരം റോഡ്രിഗോ ബറ്റാഗ്ലിയ 61ാം മിനിട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ആല്‍വേസ് മത്സരം പൂര്‍ത്തിയാക്കിയത്.