ബാഴ്‌സലോണ: ലാ ലിഗയില്‍ ബാഴ്‌സലോണയെ സമനിലയില്‍ തളച്ച് ഐബർ. ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി. ഐബറിന് വേണ്ടി കികെ ഗോളടിച്ചപ്പോൾ ഒസ്‌മാൻ ഡെംബലെയുടെ ഗോളാണ് ബാഴ്‌സലോണയ്‌ക്ക് സമനില നേടികൊടുത്തത്.
സൂപ്പർ താരം ലയണല്‍ മെസിയില്ലാതെയാണ് ബാഴ്‌സ ഇന്ന് ക്യാമ്പ് ന്യൂവില്‍ ഐബറിനെ നേരിടാനിറങ്ങിയത്. മെസിക്ക് പകരം കോമാൻ ഗ്രീസ്‌മാനാണ് കളത്തിലിറങ്ങിയത്. മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ബാഴ്‌സലോണയ്‌ക്ക് ലഭിച്ച പെനാല്‍റ്റി മാർട്ടിൻ ബ്രാത്‌വൈറ്റ് പാഴാക്കുകയായിരുന്നു. പിന്നീട് ജൂനിയർ ഫിർപോയുടെ ക്രോസില്‍ നിന്ന് ബ്രാത്‌വൈറ്റ് ഗോൾ നേടിയെങ്കിലും ഓഫ് സൈഡാണെന്ന് കണ്ടെത്തി. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയില്‍ സെർജിയാനോ ഡെസ്റ്റിന് പകരം ഒസ്‌മാൻ ഡെംബലെ കളത്തിലിറങ്ങിയതോടെയാണ് ബാഴ്‌സലോണ കളത്തില്‍ കരുത്തു കാണിച്ച് തുടങ്ങിയത്. 57-ാം മിനിറ്റില്‍ റോണാൾഡ് അരഹോയുടെ പിഴവ് മുതലെടുത്ത് കികെ ഐബറിന് വേണ്ടി ഗോൾ നേടി. പിന്നീട് 67-ാം മിനിറ്റിലാണ് ബാഴ്‌സയ്ക്ക് വേണ്ടി ഒസ്‌മാൻ ഡെംബലെ സമനില ഗോൾ നേടിയത്. ഫിലിപ് കുടീഞ്ഞോ ഉൾപ്പെടെയുള്ളവർ പകരക്കാരായി ഇറങ്ങിയിട്ടും ബാഴ്‌സലോണയ്‌ക്ക് സമനിലയല്ലാതെ സ്വന്തം തട്ടകത്തില്‍ ജയം കണ്ടെത്താനായില്ല. എന്നാല്‍ ന്യൂ ക്യാമ്പില്‍ വന്ന് പോയിന്‍റ് നേടാൻ ഐബറിന് കഴിഞ്ഞു.
ലാ ലിഗയില്‍ 15 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും നാല് തോല്‍വിയും നാല് സമനിലയുമായി 25 പോയിന്‍റുള്ള ബാഴ്‌സലോണ ആറാം സ്ഥാനത്താണ്. 16 മത്സരങ്ങളില്‍ നിന്ന് 16 പോയിന്‍റുള്ള ഐബർ പതിനഞ്ചാം സ്ഥാനത്താണ്. 32 പോയിന്‍റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് ലീഗില്‍ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എന്നാല്‍ അത്‌ലറ്റിക്കോ 13 മത്സരങ്ങൾ മാത്രമാണ് ഇതുവരെ കളിച്ചത്.