വലന്‍സിയ: സ്‌പാനിഷ് ലീഗില്‍ രണ്ടാം മത്സരത്തിലും വിജയം പിടിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് മുന്നോട്ട്. എൽച്ചെയ്‌ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അത്‌ലറ്റിക്കോ വിജയം പിടിച്ചത്.
39ാം മിനിട്ടില്‍ ഏഞ്ചൽ കോറെയാണ് അത്‌ലറ്റിക്കോയ്‌ക്കായി ലക്ഷ്യം കണ്ടത്. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തും, ഒരു പോയിന്‍റുമായി എൽച്ചെ 16ാം സ്ഥാനത്തുമെത്തി.
റയലിനെ കുരുക്കി ലെവാന്‍റെ
ലീഗിലെ മറ്റൊരു മത്സരത്തില്‍ കുരുത്തരായ റയൽ മാഡ്രിഡിനെ സമനിലയില്‍ കുരുക്കി ലെവാന്‍റെ. മത്സരത്തില്‍ മൂന്ന് ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്. അഞ്ചാം മിനിട്ടില്‍ ഗാരെത് ബെയ്ൽ റയലിനെ മുന്നിലെത്തിച്ചെങ്കിലും 46ാം മിനിറ്റില്‍ റോജര്‍ മാര്‍ട്ടിയിലൂടെ ലെവാന്‍റെ ഓപ്പം പിടിച്ചു.
തുടര്‍ന്ന് രണ്ടാം പകുതിയില്‍ മത്സരത്തിന്‍റെ ഗതിക്ക് വിപരീതമായി 57ാം മിനിട്ടില്‍ ജോസെ ക്യാംപാനയിലൂടെ ലെവാന്‍റെ മുന്നിലെത്തി. എന്നാല്‍ വിനീഷ്യസ് ജൂനിയര്‍ 73ാം മിനിട്ടില്‍ റയലിനെ ഒപ്പമെത്തിച്ചു. 79ാം മിനിട്ടില്‍ റോബര്‍ പിയര്‍ ലെവാന്‍റെയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും 85ാം മിനിട്ടില്‍ രണ്ടാം ഗോള്‍ നേടിയ വിനീഷ്യസ് റയലിന് സമനിലയും നേടിക്കൊടുത്തു.
നിലവിലെ പോയിന്‍റ് ടേബിളില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും നാല് പോയിന്‍റുമായി റയല്‍ രണ്ടാംസ്ഥാനത്തും രണ്ട് പോയിന്‍റുള്ള ലെവാന്‍റെ എട്ടാം സ്ഥാനത്തുമാണുള്ളത്.