ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാർച്ചിലെ മികച്ച താരത്തിനും പരിശീലകനുമുള്ള പുരസ്ക്കാരം സ്വന്തമാക്കി ലിവർപൂൾ. നിലവിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന്‍റെ പരിശീലകൻ യുർഗൻ ക്ലോപ്പിനെ മികച്ച പരിശീലകനായി തെരഞ്ഞെടുത്തപ്പോൾ സാഡിയോ മാനെയെ മികച്ച കളിക്കാരനായും തെരഞ്ഞെടുക്കുകയായിരുന്നു.
പ്രീമിയർ ലീഗ് മാർച്ചിലെ മികച്ച താരത്തിനും പരിശീലകനുമുള്ള പുരസ്ക്കാരം ലിവർപൂളിന് - യുർഗൻ ക്ലോപ്പ്
കഴിഞ്ഞ മാസത്തെ മികച്ച താരമായി സാഡിയോ മാനെയെയും പരിശീലകനായി യുർഗൻ ക്ലോപ്പിനെയും തെരഞ്ഞെടുത്തു
33 മത്സരങ്ങളിൽ നിന്ന് 82 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് വേണ്ടി ശ്രദ്ധേയ പ്രകടനമാണ് മാനെ കഴിഞ്ഞമാസം പുറത്തെടുത്തത്. ബേണ്‍ലിക്കെതിരെ രണ്ടു ഗോളുകളും ഫുള്‍ഹാമിനെതിരെ ഒരു ഗോളുമാണ് താരം നേടിയത്. മുഹമ്മദ് സലാ നിറം മങ്ങിയപ്പോൾ ടീമിന്‍റെ വിജയക്കുതിപ്പിന് ചുക്കാന്‍ പിടിച്ചത് മാനെയായിരുന്നു. എവര്‍ട്ടന്‍റെ കോള്‍മാന്‍, ലെസ്റ്റർ സിറ്റിയുടെ ജെയ്മി വാര്‍ഡി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെര്‍ണാഡോ സില്‍വ എന്നിവരെ പിന്തള്ളിയാണ് മാനെ മികച്ച കളിക്കാരനുള്ള പുരസ്ക്കാരം സ്വന്തമാക്കിയത്.
മികച്ച പരിശീലകനുള്ള പുരസ്ക്കാരം രണ്ടാം തവണയാണ് ക്ലോപ്പ് ഈ സീസണിൽ സ്വന്തമാക്കുന്നത്. കിരീടത്തിനായി മാഞ്ചസ്റ്റര്‍ സിറ്റിയുമായി കനത്ത പോരാട്ടമാണ് ലിവര്‍പൂള്‍ നടത്തുന്നത്. ലിവർപൂലിനേക്കാൾ ഒരു മത്സരം കുറവ് കളിച്ച സിറ്റി ഒരു പോയിന്‍റ് വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. ലിവർപൂളിനൊപ്പം ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്തതിന്‍റെ ക്ഷീണം ഇത്തവണ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ക്ലോപ്പ്.