പനാജി: ഐ-ലീഗില്‍ തുടർച്ചയായി രണ്ടാം ജയം നേടി ഗോകുലം കേരള എഫ്‌സി. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ഗോകുലം പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ 49-ാം മിനിറ്റില്‍ ഹെന്‍റി കിസ്സേക്കയാണ് ഗോകുലത്തിന്‍റെ വിജയഗോൾ നേടിയത്. 78-ാം മിനിറ്റില്‍ ആന്ദ്രേ എത്തിനെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന പത്ത് പേരായി ടീം ചുരുങ്ങിയെങ്കിലും ഗോൾ വഴങ്ങാതെ വിജയം സ്വന്തമാക്കുകയായിരുന്നു ഗോകുലം കേരള എഫ്‌സി.
4-3-3 ഫോർമേഷനിലാണ് ഗോകുലം പരിശീലകൻ ഫെർണാണ്ടോ സാന്‍റിയോ വറേല തന്‍റെ ടീമിനെ കളത്തിലിറക്കിയത്. ആദ്യ പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് കാഴ്‌ചവച്ചത്. ഗോകുലത്തിന് വേണ്ടി മാർക്കസ് ജോസഫും കിസേക്കയും പലതവണ ഗോളിനടുത്ത് വരെയെത്തിയെങ്കിലും ആരോസിന്‍റെ വല സമിക് മിത്ര മികച്ച പ്രകടനത്തിലൂടെ സംരക്ഷിച്ചു.
കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്‍റാണ് ഗോകുലം കേരള എഫ്‌സി നേടിയത്. ഒരു മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്‍റ് വീതമുള്ള ചർച്ചില്‍ ബ്രദേഴ്‌സും ചെന്നൈ സിറ്റിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ നെറോക്ക എഫ്‌സി ഐസ്വാൾ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്‍റ് നേടിയ നെറോക്ക നാലാം സ്ഥാനത്താണ്.