യൂവേഫ ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ വമ്പൻമാരായ യുവെന്‍റസിനെ അട്ടിമറിച്ച് അയാക്സ് സെമിയിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിന്‍റെ രണ്ടാം പാദത്തിൽ യുവെന്‍റസിനെ 2-1 ന് കീഴടക്കിയാണ് അയാക്സ് സെമിയിൽ യോഗ്യത നേടിയത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവിൽ ചാമ്പ്യൻസ് ലീഗ് നേടാമെന്ന പ്രതീക്ഷകൾക്കുള്ള തിരിച്ചടിയായിരുന്നു യുവെന്‍റസിന്‍റെ ഇന്നത്തെ തോൽവി.
ചാമ്പ്യൻസ് ലീഗിൽ യുവെന്‍റസിനെ അട്ടിമറിച്ച് അയാക്സ് സെമിയിൽ
ഇരുപാദങ്ങളിലുമായി 3-2 ന്‍റെ തകർപ്പൻ ജയമാണ് അയാക്സ് നേടിയത്.
ആദ്യപാദ മത്സരം 1-1 എന്ന സ്കോറിന് സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടാം പാദത്തിൽ അയാക്സിനെതിരെ സ്വന്തം ഗ്രൗണ്ടിൽ അനായാസ ജയം പ്രതീക്ഷിച്ചാണ് യുവെ ഇറങ്ങിയത്. എന്നാൽ മാസിമിലാനോ അല്ലെഗ്രിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് അപ്രതീക്ഷിത തോൽവി ഇറ്റാലിയൻ ചാമ്പ്യൻമാർ വഴങ്ങിയത്. 28-ാം മിനിറ്റിൽ റൊണാൾഡോയിലൂടെ മുന്നിലെത്തിയ യുവെന്‍റസ് സെമി മുന്നിൽ കണ്ടു എന്നാൽ 34-ാം മിനിറ്റിൽ വാൻഡെ ബീക്കിലൂടെ അയാക്സ് ഒപ്പമെത്തി. സമനില പിടിച്ചതോടെ മികച്ച പ്രകടനം പുറത്തെടുത്ത അയാക്സ് രണ്ടാം പകുതിയുടെ 67-ാം മിനിറ്റിൽ ലീഡ് നേടി. ലീഡ് വഴങ്ങിയതോടെ യുവെ ഉണർന്ന് കളിച്ചെങ്കിലും ഗോൾ നേടാൻ മാത്രം അവർക്കായില്ല. ഇരുപാദത്തിലുമായി 3-2 ന്‍റെ ജയവുമായാണ് ഹോളണ്ട് ക്ലബ്ബ് സെമിയിൽ ഇടംപിടിച്ചത്. നേരത്തെ പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെതിരെ 4-1 ന്‍റെ ചരിത്ര വിജയം അയാക്സ് നേടിയിരുന്നു.