പനാജി: മുംബൈ സിറ്റി എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ അടുത്ത മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ലീഗിലെ പോയിന്‍റ് പട്ടകയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന മുംബൈയെ നേരിടാന്‍ സര്‍വ സന്നാഹങ്ങളുമായാകും നോര്‍ത്ത് ഈസ്റ്റ് ഇറങ്ങുക. മറുഭാഗത്ത് ആദ്യപാദ മത്സരത്തിലേറ്റ പരാജയത്തിന് പകരം വീട്ടാനാകും മുബൈയുടെ നീക്കം. സീസണില്‍ മുംബൈയെ പരാജയപ്പെടുത്തിയ ഏക ടീം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ്.
ആദ്യപാദ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നോര്‍ത്ത്ഈസ്റ്റ് മുംബൈയെ പരാജയപ്പെടുത്തിയത്. നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ ജെറാര്‍ഡ് നൂസിനെ പുറത്താക്കിയ ശേഷം ആദ്യമായാണ് മുംബൈയെ നേരിടുന്നത്. ലീഗില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നോട്ട് പോകുന്ന നോര്‍ത്ത് ഈസ്റ്റ് കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ എടികെ മോഹന്‍ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. അതേസമയം മുംബൈക്കെതിരെ കനത്ത പോരാട്ടമാകും നോര്‍ത്ത് ഈസ്റ്റിനെ കാത്തിരിക്കുന്നത്. സീസണില്‍ ഇതേവരെ അഞ്ച് ഗോളുകള്‍ മാത്രം വഴങ്ങിയ മുംബൈയുടെ പ്രതിരോധ നിര ഏറ്റവും ശക്തമാണ്.