കേരളം

kerala

ETV Bharat / sports

കപ്പടിക്കാന്‍ മുംബൈയും എടികെയും; കലാശപ്പോരിന് മണിക്കൂറുകള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഏഴാം പതിപ്പില്‍ ആര് കിരീടം നേടുമെന്നറിയാന്‍ മണിക്കൂറുകളാണ് ഇനി ശേഷിക്കുന്നത്. എടികെ മോഹന്‍ബഗാനും മുംബൈ സിറ്റി എഫ്‌സിയും തമ്മിലാണ് കലാശപ്പോര്

ഐഎസ്‌എല്‍ കലാശപ്പോര് വാര്‍ത്ത  മുംബൈക്ക് കിരീടം വാര്‍ത്ത  എടികെക്ക് കിരീടം വാര്‍ത്ത  isl final news  mumbai with cup news  atk with cup news
ഐഎസ്‌എല്‍

By

Published : Mar 13, 2021, 4:42 PM IST

വാസ്‌കോ: ഐഎസ്‌എല്‍ ഏഴാം പതിപ്പിലെ കിരീടാവകാശികളെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം. ഇന്ന് രാത്രി 7.30ന് ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ മുംബൈ സിറ്റി എഫ്‌സിയും എടികെ മോഹന്‍ബഗാനും നേര്‍ക്കുനേര്‍ വരും. ടേബിള്‍ ടോപ്പേഴ്‌സായി ഫിനിഷ്‌ ചെയ്‌ത മുംബൈ ആദ്യമായാണ് ഫൈനലില്‍ പ്രവേശിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ 40 പോയിന്‍റ് വീതം മുംബൈയും എടികെയും സ്വന്തമാക്കിയെങ്കിലും ഗോള്‍ ശരാശരിയില്‍ മുമ്പിലായ മുംബൈ പട്ടികയില്‍ ഒന്നാമതായി. എന്നാല്‍ കഴിഞ്ഞ സീസണ്‍ അവസാനത്തോടെ ഗോവയുടെ പാളയത്തില്‍ നിന്നും മുംബൈയുടെ കൂടാരത്തിലേക്ക് ചേക്കേറിയ കോച്ച് സെര്‍ജിയോ ലൊബേറക്കും ടീമിലെ പലര്‍ക്കും ഇതിന് മുമ്പും ഫൈനല്‍ കളിച്ചു പരിചയമുണ്ട്. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയ മുംബൈ കരുത്തുറ്റ മുന്നേറ്റമാണ് ഇതേവരെ നടത്തിയത്. സീസണില്‍ ഇതേവരെ 11 ഗോളുകള്‍ നേടിയ ആദം ലെ ഫ്രോണ്ടെയും എട്ട് ഗോളുകള്‍ സ്വന്തമാക്കിയ ഓഗ്‌ബെച്ചെയും മുബൈയുടെ മുന്നേറ്റത്തിന്‍റെ മൂര്‍ച്ച വര്‍ദ്ധിപ്പിക്കും. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിനുശേഷം ഇരു പാദങ്ങളിലായി നടന്ന സെമിയില്‍ മുംബൈക്ക് വലിയ വെല്ലുവിളിയാണ് ഗോവ ഉയര്‍ത്തിയത്. ഇരു പാദങ്ങളും സമനിലയില്‍ പിരിഞ്ഞതോടെ മുംബൈക്ക് ഫൈനല്‍ യോഗ്യത നേടാന്‍ ഷൂട്ട് ഔട്ട് വേണ്ടിവന്നു.

ഐഎസ്‌എല്‍ കലാശപ്പോരില്‍ ഇത്തവണ എടികെക്ക് വലിയ വെല്ലുവിളിയാണ് മുബൈ ഉയര്‍ത്തുക. പക്ഷേ ഇതിന് മുമ്പ് രണ്ട് തവണ എടികെക്ക് ഐഎസ്‌എല്‍ കിരീടം നേടിക്കൊടുത്ത പരിശീലകന്‍ അന്‍റോണിയോ ലോപ്പസ് ഹെബ്ബാസിന്‍റെ സാന്നിധ്യം എടികെക്ക് മുതല്‍കൂട്ടാകും. സീസണില്‍ ഇതേവരെ വന്‍ കുതിപ്പാണ് എടികെ മോഹന്‍ബഗാന്‍ നടത്തിയത്. മുബൈക്ക് പിന്നാലെ പ്ലേ ഓഫ്‌ യോഗ്യത നേടിയ എടികെ മറ്റ് ടീമുകളെ നിഷ്‌പ്രഭരാക്കുന്ന കുതിപ്പാണ് ഇത്തവണ നടത്തിയത്. ലീഗ് പോരാട്ടങ്ങള്‍ക്ക് ശേഷം സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഇരു പാദങ്ങളിലുമായി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എടികെ കലാശപ്പോരിനെത്തിയത്. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഫിജിയന്‍ മുന്നേറ്റതാരം റോയ്‌ കൃഷ്‌ണയാണ് എടികെയുടെ കരുത്ത്. റോയ്‌ കൃഷ്‌ണയുടെ മുന്നേറ്റങ്ങള്‍ക്ക് ഡേവിഡ് വില്യംസ് കരുത്തുപകരും. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കനാകും എടികെക്ക് വേണ്ടി കോട്ടകെട്ടുക.

ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലൗ പുരസ്‌കാരങ്ങൾ തീരുമാനിക്കുന്നതിലും ഇത്തവണത്തെ ഫൈനൽ നിർണായകമാകും. മുംബൈയുടെ അമരിന്ദർ സിങ്ങും എടികെയുടെ അരിന്ദം ഭട്ടാചാര്യയും മികച്ച ഗോൾകീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരത്തില്‍ ഒപ്പത്തിനൊപ്പമുണ്ട്. ഇരുവര്‍ക്കും 10 ക്ലീൻ ഷീറ്റുകള്‍ വീതമാണുള്ളത്. ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടിയുള്ള മത്സരത്തില്‍ റോയ്‌ കൃഷ്‌ണക്ക് മുംബൈയുടെ ലെ ഫ്രോണ്ടെ വെല്ലുവിളി ഉയര്‍ത്തും. റോയ്‌ കൃഷ്‌ണ 14ഉം ലെ ഫ്രോണ്ടെ 11 ഗോളുകളുമാണ് സീസണില്‍ അടിച്ച് കൂട്ടിയത്.

ABOUT THE AUTHOR

...view details