ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ഇന്ന് അഭിമാന പോരാട്ടം. ഇന്ന് കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ലീഗിലെ അവസാനക്കാരായ ബ്ലാസ്റ്റേഴ്സും-ചെന്നൈയിൻ എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും.
ലീഗിൽ ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തും ചെന്നൈ പത്താം സ്ഥാനത്തുമാണ്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരത്തിൽ ജയിച്ചേ തീരൂ. മറിച്ച് ഇന്നത്തെ മത്സരത്തിൽ തോറ്റാൽ ബ്ലാസ്റ്റേഴ്സ് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഐ.എസ്.എല്ലിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരുവിനെ ചെന്നൈയിൻ തോൽപ്പിച്ച് ഫോം കണ്ടെത്തിയിരുന്നു.
നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിന് 11 പോയിന്‍റും, ചെന്നൈയിന് എട്ട് പോയിന്‍റുമാണുള്ളത്. നെലോ വിഗാൻഡയ്ക്ക് കീഴിയില്‍ ഇതുവരെ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ച്ചവെച്ചിട്ടുട്ടെങ്കിലും ജയം അകന്നു നിൽക്കുകയാണ് ഇപ്പോൾ. അവസാന മത്സരത്തില്‍ ബെംഗളൂരുവിനെതിരെ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. സസ്പെന്‍ഷനിലുള്ള പെസിച്ച് ഇല്ലാതെയാകും ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക. പരിക്കുമാറി വരുന്ന അനസ് എടത്തൊടിക ടീമിൽ ഇടം പിടിച്ചേക്കും.
മറുവശത്ത് ചെന്നൈയിന്‍ നിരയില്‍ ബ്ലാസ്റ്റേഴ്സിൽ നിന്ന് കൂടുമാറിയ സി.കെ വിനീത്, ഹാളിചരണ്‍ എന്നിവർ ഉണ്ടാകും. അവരെ കൊച്ചിയില്‍ തിളങ്ങാന്‍ വിടാതിരിക്കേണ്ട ഉത്തരവാദിത്വം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കാണ്. വൈകിട്ട് 7.30 നാണ് മത്സരം. തോൽവികളിൽ കളി കാണാനെത്തുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരുടെ എണ്ണം കുറഞ്ഞെങ്കിലും ഇന്നത്തെ മത്സരത്തിൽ ഗ്യാലറി നിറയുമെന്നാണ് ബ്ലാസ്റ്റേഴ്സ് അധികൃതരുടെ നിഗമനം.