വാസ്‌കോ ഡ ഗാമ : പുതുവർഷത്തിൽ പുത്തൻ വിജയത്തോടെ ഐഎസ്എൽ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള്ള അവസരം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നു. താരതമ്യേന ദുർബലരായ എഫ് സി ഗോവയാണ് എതിരാളികൾ. വൈകിട്ട് 7.30നാണ് മത്സരം.
സീസണിൽ തോൽവി അറിയാതെ ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് 13 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം വിജയിച്ചാൽ 16 പോയിന്‍റുമായി മുംബൈ സിറ്റി എഫ്‌സിയെ മറികടന്ന് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കെത്താം.
അഡ്രിയാൻ ലൂണ, അൽവാരോ വാസ്ക്വോസ്, ഹോർഗെ പെരേരാ ഡിയാസ് എന്നിവരടങ്ങിയ മുന്നേറ്റ നിര തന്നെയാണ് കേരളത്തിന്‍റെ കരുത്ത്. സഹൽ അബ്‌ദുൾ സമദും മികച്ച ഫോമിലാണ്. കൂടാതെ ലെസ്‌കോവിച്ചും ഹോർമിപാമും ചേർന്ന പ്രതിരോധ നിരയും വളരെ ശക്തം.
ALSO READ:പ്രീമിയര്‍ ലീഗ് : മാഞ്ചസ്റ്റര്‍ സിറ്റിയെ വിറപ്പിച്ച് ആഴ്‌സണല്‍ കീഴടങ്ങി
എന്നാൽ ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ബ്ലാസ്റ്റേഴ്‌സിനെതിരെ വ്യക്തമായ ആധിപത്യമുള്ളത് ഗോവക്കാണ്. ഇരുവരും തമ്മിൽ കളിച്ച 14 മത്സരങ്ങളിൽ ഒൻപതെണ്ണത്തിലും ജയം ഗോവയ്‌ക്കൊപ്പമായിരുന്നു. രണ്ട് മത്സരം സമനിലയിലായപ്പോൾ മൂന്നെണ്ണത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാനായത്.