ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ISL) എട്ടാം സീസണിൽ ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് (KBFC) ഇന്നിറങ്ങുന്നു. ശക്തരായ ബെംഗളൂരു എഫ്‌സിയാണ് (BFC) എതിരാളികൾ. ഗോവയിൽ വൈകിട്ട് 7.30നാണ് മത്സരം. വിജയങ്ങളില്ലാതെ തുടർച്ചയായ പത്ത് ലീഗ് മത്സരങ്ങളെന്ന നാണക്കേടിൽ നിന്ന് കരകയറാൻ ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ വിജയം അനിവാര്യമാണ്.
സീസണിലെ ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ 4-2ന്‍റെ കനത്ത തോൽവിയാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. തൊട്ടടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ ഗോളില്ലാ സമനിലയും വഴങ്ങി. ബെംഗളൂരു ആകട്ടെ ആദ്യ മത്സരത്തിൽ എഫ് സി ഹൈലാൻഡേഴ്‌സിനെ തോൽപ്പിച്ചുകൊണ്ട് തുടങ്ങിയെങ്കിലും ഒഡിഷക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അടിപതറി.
സുനിൽ ഛേത്രി നയിക്കുന്ന ബെംഗളൂരുവിന്‍റെ ആക്രമണ നിരയെ തളയ്‌ക്കുക എന്നതാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിലെ പ്രധാന വെല്ലുവിളി. കൂടാതെ ആക്രമണ നിര പ്രതീക്ഷക്കൊത്ത് ഉയരുകയും വേണം. എങ്കിൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് വിജയം സ്വന്തമാക്കാൻ സാധിക്കുകയുള്ളു. ഇരുവരും എട്ട് തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും വിജയം ബെംഗളൂരുവിനൊപ്പമായിരുന്നു.
ALSO READ:La Liga: വിജയവഴിയിൽ ബാഴ്‌സലോണ; വില്ലാറയലിനെതിരെ മിന്നും ജയം
നിലവിൽ പോയിന്‍റ് പട്ടികയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു തോൽവിയും ഉൾപ്പെടെ മൂന്ന് പോയിന്‍റുമായി ബെംഗളൂരു എഫ് സി ഏഴാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു സമനിലയും ഒരു തോൽവിയുമുൾപ്പെടെ ഒരു പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.