ബംബോലിം:ഇന്ത്യൻ സൂപ്പർ ലീഗിൽ(ISL)കരുത്തരായ എഫ്.സി ഗോവയെ ഒന്നിനെതിരേ മൂന്നു ഗോളിന് വീഴ്ത്തി സീസണിലെ ആദ്യ വിജയം നേടി ജംഷഡ്‌പൂര്‍ എഫ്.സി. നെരിജീസ് വാല്‍സ്‌കിസിന്‍റെ ഇരട്ട ഗോളാണ് ജംഷഡ്‌പൂരിന് വിജയമൊരുക്കിയത്. ജോര്‍ദാന്‍ മുറേയും ജംഷഡ്‌പൂരിനായി ഗോൾ നേടി. എയ്‌റാം കാബ്രേറയാണ് ഗോവയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു നാല് ഗോളുകളും പിറന്നത്. 51-ാം മിനിറ്റില്‍ വാല്‍സ്‌കിസിന്‍റെ ഗോളിലൂടെ ജംഷഡ്‌പൂര്‍ ലീഡെടുത്തു. പത്ത് മിനിറ്റിന് ശേഷം വാല്‍സ്‌കിസ് വീണ്ടും ലക്ഷ്യം കണ്ടു. 80-ാം മിനിറ്റില്‍ മുറേയിലൂടെ ജംഷഡ്‌പൂര്‍ ലീഡ് മൂന്നാക്കി. നിശ്ചിത സമയത്തിന് നാല് മിനിറ്റ് ശേഷിക്കെയാണ് കബ്രേറ ഗോവയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.