മഡ്‌ഗാവ്: ഐഎസ്എല്‍ (ISL) എട്ടാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് (Kerala Blasters) തോല്‍വി. കരുത്തരായ എടികെ മോഹന്‍ ബഗാനോടാണ് (ATK Mohun Bagan) ബ്ലാസ്‌റ്റേഴ്‌സ് 4-2ന് കീഴടങ്ങിയത്. എടികെയ്‌ക്കായി ഹ്യൂഗോ ബൗമസ് (Hugo Boumous) ഇരട്ട ഗോള്‍ നേടിയപ്പോള്‍ റോയ് കൃഷ്ണ (Roy Krishna), ലിസ്റ്റണ്‍ കൊളാകോ (Liston colaco) എന്നിവരും ലക്ഷ്യം കണ്ടു.
സഹല്‍ അബ്ദുല്‍ സമദും (sahal abdul samad) ജോര്‍ജ് ഡയസുമാണ് (jorge diaz) ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്. മത്സരത്തിന്‍റെ രണ്ടാം മിനുട്ടില്‍ തന്നെ ലീഡെടുക്കാന്‍ എടികെയ്‌ക്കായി. കൊളാകോയുടെ അസിസ്‌റ്റില്‍ ഹ്യൂഗോ ബൗമസാണ് ലക്ഷ്യം കണ്ടത്. 24ാം മിനുട്ടില്‍ സഹല്‍ അബ്ദുല്‍ സമദിലൂടെ ഒപ്പം പിടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി.
കെപി രാഹുല്‍ പെനാല്‍റ്റി ബോക്‌സില്‍ നിന്ന് കൊടുത്ത പാസിലാണ് സമദ് വലകുലുക്കിയത്. എന്നാല്‍ 27ാം മിനുട്ടില്‍ എടികെ വീണ്ടും ലീഡെടുത്തു. റോയ് കൃഷ്ണയെ ബോക്സില്‍ വെച്ച് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി കൃഷ്‌ണ തന്നെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.