ബംബോലി : ഇന്ത്യൻ സൂപ്പർ ലീഗിലെ(ISL) ആദ്യസ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിക്ക് സമനിലപ്പൂട്ടിട്ട് എസ്.സി ഈസ്റ്റ് ബംഗാൾ. ഇരു ടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനായി ആമിർ ഡെർവിസേവിച്ചും ഹൈദരാബാദിനായി ബർത്തലോമ്യു ഓഗ്‌ബെച്ചെയും ഗോളുകൾ നേടി. സമനിലയോടെ ഹൈദരാബാദ് പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
തുടക്കം മുതൽ ഹൈദരാബാദ് ആധിപത്യം കാട്ടിയ മത്സരത്തിൽ പക്ഷേ ആദ്യ ഗോൾ നേടിയത് ഈസ്റ്റ് ബംഗാൾ ആയിരുന്നു. 20-ാം മിനിട്ടിൽ ലഭിച്ച ഫ്രീകിക്ക് അനായാസം വലയിലാക്കി ആമിർ ഡെർവിസേവിച്ചാണ് ഹൈദരാബാദിനെ ഞെട്ടിച്ചത്. ഇതോടെ മറുപടി ഗോളിനായി ഹൈദരാബാദ് ആക്രമിച്ച് കളിക്കാൻ തുടങ്ങി.