പനാജി : ഐഎസ്എല്ലില്‍ ഒഡിഷ എഫ്‌സിക്ക് വിജയത്തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെയാണ് ഒഡിഷ തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സംഘം ജയം പിടിച്ചത്. ജാവിയര്‍ ഹെര്‍ണാണ്ടസിന്‍റെ ഇരട്ട ഗോളുകളും ഗോള്‍കീപ്പര്‍ കമല്‍ജിത്ത് സിങ്ങിന്‍റെ മിന്നുന്ന പ്രകടനവുമാണ് ഒഡീഷയ്‌ക്ക് കരുത്തായത്.
ഇഞ്ച്വറി ടൈമില്‍ അരിദായി സുവാരസ് ഒഡീഷയുടെ പട്ടികയിലെ മൂന്നാം ഗോള്‍ നേടിയപ്പോള്‍ അലന്‍ കോസ്റ്റയാണ് ബെംഗലൂരുവിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.
മത്സരത്തിന്‍റെ മൂന്നാം മിനുട്ടില്‍ തന്നെ മുന്നിലെത്താന്‍ ഒഡീഷയ്‌ക്കായി. ബെംഗലൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ്ങിന്‍റെ പിഴ ഒഡീഷ നേട്ടമാക്കുകയായിരുന്നു. ബോക്സിലേക്ക് വന്ന ഒരു ലോങ് റേഞ്ചര്‍ പന്താണ് ഗോളിന് വഴിയൊരുക്കിയത്. ബോക്‌സിന് പുറത്തിറങ്ങി ഗുര്‍പ്രീത് നടത്തിയ ദുര്‍ബലമായ ക്ലിയറന്‍സ് പിടിച്ചെടുത്ത ഹെര്‍ണാണ്ടസ് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ 21-ാം മിനുട്ടില്‍ അലന്‍ കോസ്റ്റ ബംഗളൂരുവിനെ ഒപ്പമെത്തിച്ചു. റോഷന്‍ നോറെം എടുത്ത കോര്‍ണര്‍ അലന്‍ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. തുല്ല്യതയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം 51ാം ഒഡീഷ വീണ്ടും ലീഡെടുത്തു. ജാവിയര്‍ ഹെര്‍ണാണ്ടസിന്‍റെ ഇടംകാലന്‍ ഫ്രീകിക്ക് വലതുളക്കുകയായിരുന്നു.